നരബലി: ബാഹ്യ ഇടപെടലുകളുണ്ടാകാതെ നീതിയുക്തമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കേരളത്തില്‍ ആഭിചാരക്രിയയുടെ പേരില്‍ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ദുര്‍മന്ത്രവാദവും അതുമായി ബന്ധപ്പെട്ട നരബലിയും നടന്നെന്ന വാര്‍ത്ത ഉത്തരേന്ത്യയില്‍ നിന്നല്ല, നവോത്ഥാനത്തിന്റെ നെറുകയില്‍ നില്‍ക്കുന്നെന്ന് നാം ഓരോരുത്തരും ഊറ്റം കൊള്ളുന്ന നമ്മുടെ കേരളത്തില്‍ നിന്നു തന്നെയാണ്. പരിഷ്കൃത സമൂഹമെന്ന് അഭിമാനിക്കുന്ന നമ്മള് ഓരോരുത്തരും അപമാനഭാരത്താല്‍ തലകുനിയ്ക്കേണ്ട സംഭവങ്ങളാണ് പുറത്തു വരുന്നത്.
കൊലയാളികളില്‍ ഒരാള്‍ പുരോഗമന നിലപാട് അവകാശപ്പെടുന്നൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു എന്നതും ഗൗരവതരമാണ്. അതുകൊണ്ട് തന്നെ ബാഹ്യ ഇടപെടലുകളുണ്ടാകാതെ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.