വ്യാജ നിയമന ഉത്തരവുമായി കൊല്ലത്ത് യുവതി അറസ്റ്റില്‍
കൊല്ലം : വ്യാജരേഖ തയാറാക്കി സര്‍ക്കാര്‍ ജോലിക്ക് ശ്രമിച്ച യുവതിയെ ഇൗസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജനിയമന ഉത്തരവുമായി കരുനാഗപ്പളളി താലൂക്ക് ഒാഫിസില്‍ എത്തിയ യുവതി പിന്നീട് പിഎസ്സി ഒാഫിസില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. പിഎസ്സിയുടെ റാങ്ക് ലിസ്റ്റും, അഡ്വൈസ് മെമ്മോയും റവന്യൂവകുപ്പിന്റെ നിയമന ഉത്തരവും വ്യാജമായി തയാറാക്കിയെന്ന് പിഎസ്സിയും പൊലീസും കണ്ടെത്തി.
വാളത്തുങ്കലില്‍ താമസിക്കുന്ന എഴുകോണ്‍ സ്വദേശിനിയായ ആര്. രാഖിയാണ് പിഎസ്സി ഉദ്യോഗസ്ഥരെ വട്ടം ചുറ്റിച്ച് ഒറിജിനലിനെ വെല്ലുന്ന വ്യാജരേഖകളുമായി സര്‍ക്കാര്‍ ജോലിക്ക് എത്തിയത്. നിയമനഉത്തരവുമായി ആദ്യം കരുനാഗപ്പളളി താലൂക്ക് ഒാഫിസില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി . യുവതി കുടുംബത്തോടൊപ്പം പിന്നീട് എത്തിയത് ജില്ലാ പിഎസ്സി ഒാഫിസില്‍. രാഖിയുടെ കൈവശം ഉണ്ടായിരുന്ന പിഎസ്സിയുടെ റാങ്ക് ലിസ്റ്റ്, പിഎസ്സിയുടെ അഡ്വൈസ് മെമ്മോ, റവന്യൂവകുപ്പിലെ നിയമനഉത്തരവ് ഇവയെല്ലാം പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് പിഎസ്സി ഉദ്യോഗസ്ഥര്‍ക്കും സംശയം തോന്നി. യുവതിയെയും ഭര്‍ത്താവിനെയും തടഞ്ഞുവച്ചു. യഥാര്‍ഥ രേഖ ഉണ്ടായിട്ടും ജോലി ലഭിക്കുന്നില്ലെന്നായിരുന്നു സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരോട് രാഖിയുടെ ഭര്‍ത്താവ് പറഞ്ഞത്.
രാത്രി ഏറെ വൈകിയും ഇൗസ്റ്റ് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കളളത്തരം കണ്ടുപിടിച്ചത്. സര്‍ക്കാര്‍ ജോലി ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ വ്യാജരേഖകള്‍ സ്വയം തയാറാക്കിയതാണെന്നാണ് രാഖി വെളിപ്പെടുത്തി. അതേസമയം ഭര്‍ത്താവ് ഉള്‍പ്പെടെയുളളവര്‍ക്ക് രാഖിയുടെ കൈവശമുളളത് വ്യാജരേഖയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.