വ്യാജ സ്വർണ്ണം നൽകി ജ്വല്ലറി ഉടമകളെ കബളിപ്പിക്കുന്ന സംഘത്തിലെ 3 പേർ കണ്ണൂരിൽ അറസ്റ്റിൽ
കണ്ണൂർ : ജ്വല്ലറികളിൽ വ്യാജ സ്വർണ്ണം നൽകി പണം തട്ടുന്ന സംഘത്തിലെ സൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേരെ ടൗൺ പോലീസ് അറസ്റ്റു ചെയ്തു. തലശേരി സ്വദേശി സിറാജുദ്ദീൻ, അഴീക്കോട് സ്വദേശി സുജയിൽ, ഇവർക്ക് വ്യാജ സ്വർണ്ണം ഉണ്ടാക്കി നൽകുന്ന ഇരിക്കൂർ സ്വദേശി ഷഫീഖ് എന്നിവരെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.ഈയത്തിൽസ്വർണ്ണം പൊതിഞ്ഞായിരുന്നു തട്ടിപ്പ്.
കണ്ണൂർ ടൗണിലെ ജ്വല്ലറിയിൽ വ്യാജസ്വർണം വിൽപന നടത്തി അര ലക്ഷം രൂപ തട്ടിയെടുത്ത സംഘം മറ്റൊരു ജ്വല്ലറിയിൽ വിൽപന നടത്തുന്നതിനിടെ സ്വർണ്ണം വിളക്കുമ്പോൾ സംശയം തോന്നിയ ജ്വല്ലറി ജീവനക്കാരൻ ആഭരണം മുറിച്ചു പരിശോധിച്ചു നോക്കിയപ്പോഴാണ് ഈയകട്ടയുടെ തട്ടിപ്പ് തിരിച്ചറിഞ്ഞത്.തുടർന്ന് ടൗൺ പോലീസിൽ വിവരമറിയിക്കുകയും പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് തട്ടിപ്പ് സംഘത്തെ പിടികൂടുകയുമായിരുന്നു.
പിടിയിലായ പ്രതികൾ കണ്ണൂരിൽ സമാനമായ രീതിയിൽ പല സ്ഥാപനങ്ങളിലും വ്യാജ സ്വർണ്ണം വിൽപ്പന നടത്തിയതായ വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് സംഘത്തിൽ എസ്.ഐ. സവ്യസാക്ഷി, എ.എസ്.ഐമാരായഅജയൻ, രഞ്ജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ,മുഹമ്മദ് എന്നിവരും ഉണ്ടായിരുന്നു.