തെരുവുനായ ആക്രമണം 2 ഫാമുകളിൽ
അഞ്ഞൂറിലേറെ കോഴികളെ നായ്ക്കൾ കടിച്ചുകൊന്നു.
പയ്യന്നൂർ : തെരുവുനായ്ക്കൾ കോറോം മുത്തത്തി കിഴക്കേ കരയിൽ 500ലധികം കോഴികളെ കൂട്ടിൽ കയറി കടിച്ചു കൊന്നു. മുത്തത്യൻ ചന്ദ്രി, കൂലേരിക്കാരൻ ജനാർദനൻ എന്നിവരുടെ ഫാമുകളിലെ കോഴികളെയാണ് കടിച്ചു കൊന്നത്. കുറിയ പുരയിൽ റുഖിയയുടെ വീട്ടിലെ കോഴിക്കൂട് തകരാറിലാക്കിയെങ്കിലും കോഴികളെ കൊല്ലാൻ കഴിഞ്ഞില്ല. ഫാമിലേക്ക് മഴവെള്ളം കയറാതിരിക്കാൻ കെട്ടിയ ടാർപായയും കമ്പിവലയും കടിച്ചു മുറിച്ചാണ് നായകൾ ഫാമുകൾക്കകത്തു കയറിയത്.
രാവിലെ 6.30ന് ചന്ദ്രിയുടെ ഭർത്താവ് ബാബു കോഴികൾക്ക് തീറ്റ കൊടുക്കാൻ എത്തിയപ്പോഴാണ് കോഴികളെ കൊന്നിട്ടത് കണ്ടത്. ഇതിനിടയിൽ നായ പുറത്തേക്ക് ഓടുന്നത് കണ്ടു. ഒരു കൂടിന്റെ 2 ഭാഗങ്ങളിലായി 500 വീതം കോഴികളാണ് ഉണ്ടായിരുന്നത്. 28 മാസം പ്രായമായതാണ്. ഒന്നര കിലോ തൂക്കമുണ്ടായിരുന്നു. ഒരു കൂട്ടിൽ നിന്ന് 400ലധികവും മറ്റൊരു കൂട്ടിൽ നിന്ന് 100ലധികവും കോഴികളെ കൊന്നു.
ബാക്കിയുള്ള കോഴികൾ മൃതപ്രായത്തിലാണ് ഉള്ളത്. 80,000 രൂപ നഷ്ടമുണ്ടായി. വെറ്ററിനറി ഡോക്ടർമാരായ ഹരികുമാർ, മധു എന്നിവർ ഫാമിലെത്തി പരിശോധന നടത്തി. കൗൺസിലർ കെ.എം.ചന്തുക്കുട്ടി സ്ഥലം സന്ദർശിച്ചു. പുലർച്ചെ ഒന്നരയ്ക്കാണ് കൂലേരിക്കാരൻ ജനാർദനന്റെ ഫാമിൽ നായകൾ കയറിയത്. ഇവിടെ 28 കോഴികളെ നായ്ക്കൾ കടിച്ചു കൊന്നു. ഇവിടെയും കമ്പിവല കടിച്ചു മുറിച്ച് അകത്തുകയറുകയായിരുന്നു