വിഴിഞ്ഞം സമരം; ആറിടത്ത് റോഡ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍. ആറ്റിങ്ങല്‍, പൂവാര്‍, ഉച്ചക്കട , ചാക്ക, തിരുവല്ലം, സ്റ്റേഷന് കടവ് എന്നിങ്ങനെ ആറ് സ്ഥലങ്ങളിലാണ് റോഡ് ഉപരോധിക്കുന്നത്. വള്ളങ്ങളും വലകളും ഉള്‍പ്പെടെയാണ് മത്സ്യത്തൊഴിലാളികള്‍ സമരത്തിനെത്തിയിരിക്കുന്നത്. പ്രധാനപ്പെട്ട ഏഴ് ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുന്നത്. ഇതില്‍ ഒരെണ്ണം പോലും പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് സമരക്കാര്‍ ആരോപിക്കുന്നു. വിഴിഞ്ഞത്തും മുല്ലൂരിലുമുള്ള ഉപരോധ സമരത്തിന് ജില്ലാ കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്.