പ്രളയം; നൈജീരിയയില്‍ മരണം 603, രാജ്യം ഭക്ഷ്യക്ഷാമത്തിലാകുമെന്ന് ആശങ്ക
ലാഗോസ്: നൈജീരിയയില്‍ മാസങ്ങളായി തുടരുന്ന പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 600 ന് മുകളിലായി. ജൂലൈ മുതലുള്ള കനത്ത മഴയാണു ദുരന്തത്തിനു കാരണം. 36 സംസ്ഥാനങ്ങളില്‍ 31ലും പ്രളയക്കെടുതി നേരിട്ടു. നൈജീരിയയില്‍ എല്ലാ വര്‍ഷവും വെള്ളപ്പൊക്കമുണ്ടാകാറുള്ളതാണ്. പക്ഷേ പതിറ്റാണ്ടുകള്‍ക്കുശേഷമാണ് ഇത്ര വലിയ ദുരന്തം. 603 പേരാണ് മരിച്ചതെന്ന് നൈജീരിയന്‍ മന്ത്രി സാദിയ ഉമര്‍ ഫാറൂഖ് പറഞ്ഞു. രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. 13 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. പ്രളയത്തില്‍ 82,000-ലധികം വീടുകളും 110,000 ഹെക്ടര്‍ കൃഷിയിടങ്ങളും പൂര്‍ണമായും നശിച്ചു. വരും ആഴ്ചകളില്‍ തെക്കുകിഴക്കന്‍ മേഖലകളില്‍ കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം. നൈജീരിയ ഭക്ഷ്യക്ഷാമത്തിലാകുമെന്ന ആശങ്കയുണ്ട്.