മികച്ച പുരുഷ ഫുട്ബോളര്‍ക്കുള്ള ബലോന്‍ ദ് ഓര് പുരസ്കാരം കരിം ബെന്‍സേമയ്ക്ക്, മികച്ച വനിതാ താരം അലക്സിയ പ്യൂട്ടയാസിന്
പാരിസ്: കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബോളര്‍ക്കുള്ള ബലോന്‍ ദ് ഓര് പുരസ്കാരം സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കര്‍ കരിം ബെന്‍സേമയ്ക്ക്. റയലിനെ ചാംപ്യന്‍സ് ലീഗ്, സ്പാനിഷ് ലീഗ് കിരീടങ്ങളിലേക്കും ഫ്രാന്‍സ് ടീമിനെ യുവേഫ നേഷന്‍സ് ലീഗ് കിരീടത്തിലേക്കും നയിച്ച മികവാണ് ബെന്‍സേമയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. സ്പാനിഷ് ലീഗില്‍ 27 ഗോളുകളും ചാംപ്യന്‍സ് ലീഗില്‍ 15 ഗോളുകളുമാണ് ബെന്‍സേമ നേടിയത്. വോട്ടെടുപ്പില്‍ കെവിന് ഡിബ്രൂയ്നെ, റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, സാദിയോ മാനെ എന്നിവരെയാണ് പിന്നിലാക്കിയത്.
ബാര്‍സിലോന വനിതാ ടീം താരം അലക്സിയ പ്യൂട്ടയാസിനാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം. മികച്ച യുവതാരത്തിനുള്ള കോപ അവാര്‍ഡ് ബാര്‍സിലോന താരം ഗാവിക്കാണ്. സാമൂഹിക പ്രതിബദ്ധതയുള്ള താരത്തിനുള്ള സോക്രട്ടീസ് പുരസ്കാരം സെനഗല്‍ താരം സാദിയോ മാനെയ്ക്കാണ്. മികച്ച സ്ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ പുരസ്കാരം ബാര്‍സിലോന താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള യാഷിന് പുരസ്കാരം റയല്‍ മഡ്രിഡിന്റെ തിബോ കോര്‍ട്ടോയും സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ സിറ്റിക്കാണ് ക്ലബ് ഓഫ് ദ് ഇയര്‍ പുരസ്കാരം.ഫ്രാന്‍സ് ഫുട്ബോള്‍ മാസികയാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.