വാനോളം ഉയരത്തിൽ മലയാളി; ഗഗൻയാൻ ദൗത്യ തലവനായി പ്രശാന്ത് ബാലകൃഷ്ണൻ നായർ, പേരുകൾ പ്രഖ്യാപിച്ചു
ഗഗന്യാന് ബഹിരാകാശ യാത്രയ്ക്കുള്ള ബഹിരാകാശ സഞ്ചാരികളെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായര്‍, അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാന്‍ശു ശുക്ല എന്നിവരാണ് മറ്റു മൂന്നുപേര്‍. അഭിമാനകരമായ നിമിഷമാണിതെന്നും പുതിയ കാലചക്രത്തിന്റെ തുടക്കമാണെന്നും പേരുകള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഗഗന്യാന് യാത്രാസംഘത്തെ കണ്ടതും സംസാരിക്കാനായതും ഭാഗ്യമാണ്. രാജ്യത്തിന്റെ സാഹസികതയും ധൈര്യവുമാണ് ഇവര്‍ പ്രതിനിധാനം ചെയ്യുന്നത്.ബഹിരാകാശ യാത്രികരുടെ മുന്നില്‍ ഇനിയും ഏറെ പ്രവര്‍ത്തനങ്ങള്‍ ബാക്കിയുണ്ടെന്നും സെല്‍ഫിയും ഓട്ടോഗ്രാഫുമായി അവരെ ബുദ്ധിമുട്ടിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വന്തം സ്പേസ് സ്റ്റേഷന് 2035 ല്‍ യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സുഖോയ്’ യുദ്ധവിമാന പൈലറ്റായ പ്രശാന്ത് പാലക്കാട് നെന്മാറ കൂളങ്ങാട്ട് പ്രമീളയുടെയും വിളമ്പില്‍ ബാലകൃഷ്ണന്റെയും മകനാണ്. പാലക്കാട് അകത്തേത്തറ എന്‍എസ്എസ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് അദ്ദേഹം ദേശീയ പ്രതിരോധ വിഭാഗത്തില്‍ ചേരുന്നത്. 2020ലാണു ബഹിരാകാശ യാത്രക്കുവേണ്ടി നാലുപേരെയും തിരഞ്ഞെടുത്തത്. തുടര്‍ന്ന് റഷ്യയിലെ റഷ്യയിലെ ഗഗാറിന് കോസ്മോനട്ട് സെന്ററില്‍ അടിസ്ഥാന പരിശീലനത്തിന് അയച്ചു. തിരിച്ചെത്തിയതിനു ശേഷം ബെംഗളുരു കേന്ദ്രമാക്കി പരിശീലനം തുടരുകയാണ്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായുള്ള വ്യോമസേന കേന്ദ്രങ്ങളിലും ഇവര്‍ക്കായി വിവിധ പരിശീലനങ്ങള്‍ നടക്കുന്നുണ്ട്. 2025ല്‍ മൂന്നുപേരെ ഭൂമിയില്‍ നിന്നു 400 കിലോമീറ്റര്‍ അകലെയുള്ള ബഹിരാകാശത്ത് എത്തിച്ചു മൂന്നുദിവസത്തിനുശേഷം തിരികെ ഭൂമിയിലെത്തിക്കുന്നതാണ് ഗഗന്യാന് പദ്ധതി.