ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തയച്ചു; ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ചു. ഗവര്‍ണ്ണര്‍ക്ക് എതിരായ ബാലഗോപാലിന്റെ പ്രസംഗമാണ് നടപടിക്ക് ആധാരം. കെഎന്‍ ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതിലുള്ള പ്രീതി (പ്ലഷര്‍) പിന്‍വലിക്കുന്നുവെന്നാണ് ഗവര്‍ണര്‍ കത്തില്‍ പറയുന്നത്. ഗവര്‍ണറെ വിമര്‍ശിച്ചുകൊണ്ടു ബാലഗോപാല്‍ നടത്തിയ പ്രസംഗങ്ങളാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഗവര്‍ണറെ വിമര്‍ശിക്കുന്ന മന്ത്രിമാരുടെ കാര്യത്തില്‍ പ്രീതി പിന്‍വലിക്കുമെന്നു നേരത്തെ ഗവര്‍ണര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതു വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സര്‍വകലാശാലാ നിയമനങ്ങളെച്ചൊല്ലി സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ്, ഗവര്‍ണറുടെ അസാധാരണ നടപടി.
ഒക്ടോബര്‍ 19ന് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് ഗവര്‍ണറുടെ കത്ത്. ഗവര്‍ണറുടെ പ്രതിച്ഛായയും ഗവര്‍ണറുടെ പദവിയുടെ അന്തസ്സ് താഴ്ത്തുന്നതമായ പരമാര്‍ശങ്ങളാണ് ധനമന്ത്രിയുടെ പ്രസംഗത്തിലുള്ളത്. പ്രാദേശികവാദം ആളികത്തിക്കുന്ന പരമാര്‍ശമാണ് നടത്തിയത്. ദേശീയ ഐക്യവും അഖണ്ഡതയും വെല്ലുവിളിക്കുന്ന പ്രസംഗമാണെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
കത്തയക്കാന്‍ പോസ്റ്റ് ഓഫിസുള്ളപ്പോള്‍ ആര്‍ക്കും കത്ത് അയക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രതികരിച്ചു. ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണിത്. ജനാധിപത്യത്തെയല്ല, ഗവര്‍ണര്‍ ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ക്ക് മന്ത്രിമാരെ പിന്‍വലിക്കാന്‍ അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പ്രതികരിച്ചു. ഇത് വ്യാജ ഏറ്റുമുട്ടലാണ്. സര്‍ക്കാരും ഗവര്‍ണറും സര്‍വകലാശാല വിഷയത്തിലടക്കം ഒരു നിലപാടാണ് സ്വീകരിക്കുന്നത്. നീക്കം പല വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ്. ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറുടെ അടുത്ത നീക്കം എന്താകുമെന്ന് രാഷ്ട്രീയ കേരളം ഉറ്റ് നോക്കുകയാണ് .