വെളിച്ചം കെടാതിരിക്കാൻ പെരുമഴയും കാറ്റും വകവയ്ക്കാതെ രാപകൽ ഇവരുണ്ട് കൂടെ
കണ്ണൂർ : നിർത്താതെ പെയ്യുന്ന മഴയത്ത് വീട്ടിലോ സുരക്ഷിതസ്ഥാനങ്ങളിലോ എത്താൻ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ, വെളിച്ചം കെടാതിരിക്കാൻ പെരുമഴയും കാറ്റും വകവയ്ക്കാതെ രാപകൽ ഭേദമന്യേ കർമനിരതരാകുകയാണ് വൈദ്യുതി വകുപ്പ് ജീവനക്കാർ. ഒരാഴ്ചയായി പെയ്യുന്ന കൊടുംമഴയിൽ ജില്ലയിൽ പലയിടങ്ങളിലും വൈദ്യുതകമ്പികളും പോസ്റ്റുകളും പൊട്ടിവീണു. എന്നിട്ടും ജനജീവിതത്തെ ബാധിക്കാത്ത നിലയിൽ വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്നതിൽ കാര്യക്ഷമമായ പ്രവർത്തനമാണ് കെഎസ്ഇബി വകുപ്പും ജീവനക്കാരും നടത്തുന്നത്. മഴ കനത്ത സാഹചര്യത്തിൽ പ്രത്യേകം കൺട്രോൾ റൂം തുറന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
മഴയിൽ വൈദ്യുതിബന്ധം തടസ്സപ്പെട്ട 15,144 ഗുണഭോക്താക്കളുടെ പ്രശ്നം കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളിൽ കെഎസ്ഇബി പരിഹരിച്ചു. 2100 ഇടങ്ങളിലാണ് ലൈനിൽ വൃക്ഷങ്ങൾ പൊട്ടിവീണത്. കണ്ണൂർ, ശ്രീകണ്ഠപുരം രണ്ട് സർക്കിളുകളിലായി പ്രത്യേകം കൺട്രോൾ റൂമുകൾ തുറന്നു. നോർത്ത് മലബാർ വിതരണ വിഭാഗം ചീഫ് എൻജിനിയർ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നുണ്ട്
കഴിഞ്ഞ ഒരാഴ്ചത്തെ മഴയുടെ ഭാഗമായി കെഎസ്ഇബി നഷ്ടം കണക്കാക്കുന്നത് 70 ലക്ഷം രൂപയാണ്. 16 ഹൈടെൻഷൻ പോസ്റ്റുകളും 185 ലോ ടെൻഷൻ – പോസ്റ്റുകളും തകർന്നു.- അഞ്ച് ഹൈടെൻഷൻ ലൈനുകളും 734 ലോ ടെൻഷൻ – ലൈനുകളും. മൂന്ന് ട്രാൻസ്ഫോമർ ലൈനുകളും തകരാറിലായി. 31 ട്രാൻസ്ഫോർമറുകളും സ്വിച്ച് ഓഫ് ചെയ്യേണ്ടിവന്നു.
വെള്ളമുയർന്ന 12 സ്ഥലങ്ങളിൽ ട്രാൻസ്ഫോർമർ ഓഫ് ചെയ്തു. -420 ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.