മഴക്കെടുതിയിൽ മുങ്ങി ഉത്തരേന്ത്യ
തലസ്ഥാന നഗരത്തിൽ യമുന അപകടരേഖക്ക് മുകളിൽ ഒഴുകുന്നത് കണക്കിലെടുത്ത് പലയിടങ്ങളിലും ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഡൽഹിയിൽ പഴയ റെയിൽപാലം അടച്ചിട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ന്യൂഡൽഹി: പേമാരിയിൽ മുങ്ങിയ ഉത്തരേന്ത്യയിൽ കെടുതികൾ തുടരുന്നു. വിവിധ സംസ്ഥാനങ്ങളിലായി ചൊവ്വാഴ്ച 20 മരണം കൂടി റിപ്പോർട്ട് ചെയ്തു. മഴവെള്ളം കുത്തിയൊലിച്ച് നഗരങ്ങളിലും ഗ്രാമങ്ങളിലും നൂറുകണക്കിനു പേർ ഒറ്റപ്പെട്ടു. ഹിമാചലിൽ 13ഉം ഉത്തരാഖണ്ഡിൽ നാലും ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ഓരോരുത്തരും മരിച്ചു. ഹിമാചലിൽ മാത്രം ഇതിനകം 72 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. മഴ ശക്തമായി തുടരുന്ന സംസ്ഥാനത്ത് ഷിംല, സിർമോർ, കിന്നോർ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകി
ജമ്മു-കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തർ പ്രദേശ്, രാജസ്ഥാൻ ജില്ലകളിലാണ് ദിവസങ്ങളായി റെക്കോഡ് മഴ ആളപായവും കനത്ത ദുരിതവും വിതച്ചത്. പുഴകളും കനാലുകളും കവിഞ്ഞൊഴുകിയത് പലയിടത്തും റോഡുകളും പാലങ്ങളുമുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ തകർത്തു. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ കനത്ത മഴക്ക് ശമനം വന്നിട്ടുണ്ടെങ്കിലും മറ്റിടങ്ങളിൽ തുടരുമെന്നാണ് മുന്നറിയിപ്പ്.
ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്നാണ് മധ്യപ്രദേശിൽനിന്നെത്തിയ നാല് തീർഥാടകർ മരിച്ചത്. ഏഴു പേർക്ക് പരിക്കേറ്റു. ഉത്തരകാശി ജില്ലയിലെ ഗംഗോത്രി ദേശീയ പാതയിൽ ഗംഗ്നാനി പാലത്തിനരികിൽ മൂന്നു വാഹനങ്ങൾ മണ്ണിനടിയിലായി. ഇതിൽ കുടുങ്ങിയാണ് നാലു മരണം. മൂന്നു പേരുടെ മൃതദേഹം പുറത്തെടുത്തിട്ടുണ്ട്. ചമോലിയിൽ ജുമ്മാഗഡ് നദിക്കു കുറുകെയുള്ള പാലം ഒലിച്ചുപോയതോടെ ഇന്തോ- തിബത്തൻ അതിർത്തി റോഡിൽ ഗതാഗതം മുടങ്ങി. ഒരു ഡസനിലേറെ അതിർത്തി ഗ്രാമങ്ങളുമായി വാർത്തവിനിമയ സംവിധാനങ്ങളും മുറിഞ്ഞു.
ഹിമാചൽ പ്രദേശിലെ ചന്ദ്രതാലിൽ 300 ഓളം വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്. കനത്ത മഴയും മഞ്ഞുവീഴ്ചയും തുടരുന്നത് രക്ഷാപ്രവർത്തനവും ദുഷ്കരമാക്കിയിട്ടുണ്ട്.