അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ അപകടം; നാല് സൈനികര്‍ക്ക് വീരമൃത്യു, മരിച്ചവരില്‍ ചെറുവത്തൂര്‍ സ്വദേശിയും
ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ചവരില്‍ ചെറുവത്തൂര്‍ സ്വദേശിയായ സൈനികനും. അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലയിലാണ് കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. സംഭവത്തില്‍ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. ചെറുവത്തൂര്‍ കിഴക്കേമുറിയിലെ എം.കെ. അശോകന്റെയും കെ.വി. കൗസല്യയുടെയും മകന് കെ.വി. അശ്വിന് (24) ആണ് മരിച്ച മലയാളി. നാലുവര്‍ഷമായി സൈന്യത്തിലെ ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗത്തില്‍ സേവനം ചെയ്തുവരികയായിരുന്നു അശ്വിന്. കഴിഞ്ഞ ഓണത്തിനായിരുന്നു അവസാനമായി നാട്ടില്‍ വന്നത്. ഞായറാഴ്ചയ്ക്കുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് സൂചന. രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ അപകട സ്ഥലത്തുനിന്ന് കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സി നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. അഞ്ചുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. കോപ്റ്ററിലുണ്ടായിരുന്ന അഞ്ചാമനെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്.