നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി വീണ്ടും തളളി
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി വീണ്ടും തളളി. ഇത് ആറാം പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി കോടതി തളളുന്നത്. 2017 ഫെബ്രുവരിയില്‍ അറസ്റ്റിലായത് മുതല്‍ വിചാരണ തടവുകാരനായി തുടരുകയാണ് പള്‍സര്‍ സുനി. ഇതിനിടെ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നിരവധി തവണയാണ് പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ വിവിധ കോടതികള്‍ തള്ളിയത്.
അതിനിടെ പിതാവിന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പള്‍സര്‍ സുനിക്ക് കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു ഇത്. ഇതൊഴിച്ച് നിര്‍ത്തിയാല്‍ വര്‍ഷങ്ങളായി ജയിലില്‍ തുടരുകയാണ് പള്‍സര്‍ സുനി. നടന് ദിലീപിന്റെ നിര്‍ദ്ദേശപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി കാറില്‍ കയറ്റി ആക്രമിക്കുകയും അപകീര്‍ത്തിപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ഫോട്ടോയെടുക്കുകയും ചെയ്തുവെന്നതാണ് സുനിക്കെതിരായ കേസ്.
ഈ കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. കേസില്‍ ദിലീപും അറസ്റ്റിലായിരുന്നെങ്കതിലും 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം അനുവദിക്കുകയായിരുന്നു. നേരത്തെ ന്യായമായ സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സുനിക്ക് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ഇതിനിടെ പലതവണ സുനി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
2017 ഫെബ്രുവരിയിലാണ് ഓടുന്ന കാറില്‍ വെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടിയെ മറ്റൊരു വാഹനത്തിലെത്തിയ പള്‍സര്‍ സുനിയും സംഘവും തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന് കേസ്. കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു ഇത്. സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പള്‍സര്‍ സുനി പൊലീസിന്റെ പിടിയിലായി.
വൈകാതെ കേസിലെ ദിലീപിന്റെ പങ്കാളിത്തം ഉയര്‍ന്ന് വന്നു. പള്‍സര്‍ സുനി ജയിലില്‍ വെച്ച് ദിലീപിനെഴുതിയ കത്ത് പുറത്തായതോടെ ദിലീപിന്റെ അറസ്റ്റിലേക്കും വഴി തെളിച്ചു. കേസില്‍ 85 ദിവസങ്ങളോളം ജയിലില്‍ കിടന്ന ശേഷം ദിലീപിന് കേസില്‍ ജാമ്യം ലഭിച്ചു. പിന്നീട് ഓരോ ഘട്ടങ്ങളിലായി കേസിലെ മറ്റ് പ്രതികള്‍ എല്ലാവരും തന്നെ ജാമ്യം ലഭിച്ച് പുറത്ത് എത്തിയിരുന്നു.
എന്നാല്‍ പള്‍സര്‍ സുനിക്ക് മാത്രമാണ് കേസില്‍ ജാമ്യം ലഭിക്കാതിരുന്നത്. 022 ലാണ് ആദ്യമായി പള്‍സര്‍ സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. പിന്നീട് തിരിച്ചടി നേരിട്ടപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും വിധി എതിരായിരുന്നു. പള്‍സര്‍ സുനിക്കെതിരായ കുറ്റത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടിയാണ് കോടതികള്‍ ഓരോ തവണയും ജാമ്യാപേക്ഷ തള്ളിയത്.