ഹിമാചലില്‍ ശക്തമായ മഴ
കുളു-മണാലി റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം. മണാലിയില്‍ ഹോട്ടല്‍ ഒഴുക്കില്‍ തകര്‍ന്നു വീണു.
ന്യൂ ഡല്‍ഹി : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. കനത്ത നാശനഷ്ടമാണ് വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം മാത്രം ഹിമാചല്‍ പ്രദേശില്‍ 18 മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മണാലി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.
മണാലിയില്‍ ബസ് വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതോടൊപ്പം നടക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മണാലി അല്ലുവില്‍ സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടല്‍ തകര്‍ന്ന് ഒഴുക്കില്‍പ്പെട്ടതിന്റെ ദൃശ്യങ്ങളാണിത് .
ബിയാസ് നദിയിലെ വെള്ളപ്പൊക്കം കൂടുതല്‍ വഷളായിട്ടുണ്ട്, കൂടാതെ കുളു-മണാലി ദേശീയപാതയുടെ സമീപം ജലനിരപ്പ് വര്‍ദ്ധിച്ചു. പ്രദേശത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് മുഖ്യമന്ത്രി സുഖ്വിന്ദര് സിംഗ് സുഖു ആവശ്യപ്പെട്ടു. കൂടാതെ, ഏതെങ്കിലും അടിയന്തര സാഹചര്യത്തില്‍ വിളിക്കാവന് ഹെല്‍പ്പ് ലൈന്‍ നമ്പറും നല്‍കിയിട്ടുണ്ട്.
ഹിമാചല്‍ പ്രദേശിലെ വിവിധ ജില്ലകളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ബിലാസ്പൂര്‍, സോളന്‍, ഷിംല, സിര്‍മൗര്‍ , ഉന, ഹാമിര്‍ പൂര്, മാണ്ഡി, കുളു എന്നീ ജില്ലകളില്‍ മിക്കയിടങ്ങളിലും ഇടിമിന്നലോടു കൂടിയതോ കനത്തതോ ആയ മഴ തുടരാനും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഉള്‍പ്പടെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങള്‍ നിരീക്ഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ 16 കണ്ട്രോള് റൂമുകള്‍ സ്ഥാപിച്ചു. ഹത്നികുണ്ഡ് ഡാമില്‍ നിന്ന് ഹരിയാന ഒരു ലക്ഷം ക്യുസെക്സ് വെള്ളം യമുനാ നദിയിലേക്ക് തുറന്നുവിട്ടിരുന്നു.