ഹണി ട്രാപ്പ്: അര്‍ച്ചന ബ്ലാക്ക്മെയില്‍ ചെയ്തത് ഒഡീഷയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെ
ന്യൂഡല്‍ഹി: ഹണി ട്രാപ്പ് കേസ് പ്രതി അര്‍ച്ചന നാഗിന്റെ ഇമെയിലില്‍ നിന്ന് പോലീസ് 64ഓളം ഫോട്ടോകള്‍ കണ്ടെത്തി. ഒഡീഷയിലെ ചില മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് പൊലീസ് കണ്ടെത്തിയത്. പോലീസ് കണ്ടെത്തിയ ഫോട്ടോകളില്‍ അര്‍ച്ചനയ്ക്കൊപ്പം റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍, വിവിധ രാഷ്ട്രീയ നേതാക്കളുടെ സഹായികള്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ ഉണ്ടായിരുന്നു. ഹണി ട്രാപ്പിലൂടെയും ബ്ലാക്ക് മെയില്‍ ചെയ്തും നിരവധി പ്രമുഖരില്‍ നിന്ന് പണം തട്ടിയെടുത്തു എന്ന കുറ്റത്തിന് വ്യാഴാഴ്ച വൈകുന്നേരമാണ് അര്‍ച്ചന നാഗിനെ ഭുവനേശ്വറില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അര്‍ച്ചന നാഗിന്റെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും സ്ഥിരനിക്ഷേപങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ പരിശോധിക്കാന്‍ പോലീസ് റിസര്‍വ് ബാങ്കിന് കത്തെഴുതി. അര്‍ച്ചനയുടെ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുക്കളും നിരീക്ഷിച്ചു വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്നും ഭുവനേശ്വര്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി) പ്രതീക് സിംഗ് പറഞ്ഞു.
ഹണി ട്രാപ്പ് തട്ടിപ്പിനായി 20 ഓളം ലൈംഗിക തൊഴിലാളികളും അര്‍ച്ചനയ്ക്കൊപ്പമുണ്ടായിരുന്നു. സമ്പന്നരായ ആളുകളെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. ഈ ലൈംഗിക തൊഴിലാളികളോട് തങ്ങള്‍ പരിചയപ്പെടുന്ന പ്രമുഖ വ്യക്തികളുടെ ഫോട്ടോകള്‍ എടുക്കാനും അര്‍ച്ചന നിര്‍ദേശിച്ചിരുന്നു. പിന്നീട് ഈ ഫോട്ടോഗ്രാഫുകള്‍ ഉപയോഗിച്ച് അവരെ ബ്ലാക്ക് മെയില്‍ ചെയ്ത് വലിയ തുക തട്ടിയെടുക്കുകയായിരുന്നു. അര്‍ച്ചന നാഗിനൊപ്പം ജോലി ചെയ്യുന്ന ലൈംഗികത്തൊഴിലാളികളുടെ ഫോട്ടോകളും ആധാര്‍ കാര്‍ഡുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് കണ്ടെത്തി.