ഹണിട്രാപ്പ്; യുവതി അറസ്റ്റില്‍, രാഷ്ട്രീയക്കാരും സിനിമാക്കാരും ഇരകള്‍
ഭുവനേശ്വര്‍: രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ഹണിട്രാപ്പില്‍ കുരുക്കി പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. സത്യവിഹാര്‍ സ്വദേശിയായ അര്‍ച്ചന നാഗ്(25) എന്ന യുവതിയെയാണ് ഖണ്ഡാഗിരി പോലീസ് അറസ്റ്റ് ചെയ്തത്. അര്‍ച്ചനയുടെ ഭര്‍ത്താവ് ജഗബന്ധു ചന്ദിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഭര്‍ത്താവ് അടക്കം ഉള്‍പ്പെട്ട വന്‍ സംഘമാണ് അര്‍ച്ചനയുടെ നേതൃത്വത്തില്‍ ഹണിട്രാപ്പ് ‘ഓപ്പറേഷനുകള്‍’ നടത്തിയിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ സമൂഹത്തില്‍ ഉന്നതരായ പലരില്‍നിന്നും അര്‍ച്ചനയും സംഘവും പണം തട്ടിയിട്ടുണ്ടെന്നാണ് വിവരം. ഒഡീഷയിലെ ഒരു സിനിമാ നിര്‍മാതാവിനെ ഹണിട്രാപ്പില്‍ കുരുക്കിയ ശേഷം പണം കൈക്കലാക്കാനും ഇവര്‍ ശ്രമിച്ചിരുന്നു. ഈ കേസിലാണ് അര്‍ച്ചന പിടിയിലായതെന്നും സൂചനയുണ്ട്.
യുവതിയില്‍നിന്ന് രണ്ട് മൊബൈല്‍ഫോണുകളും പെന്‍ഡ്രൈവുകളും ഡയറിയും പോലീസ് പിടിച്ചെടുത്തു. എന്നാല്‍ കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. പോലീസ് കമ്മീഷണറും ഡെപ്യൂട്ടി കമ്മീഷണറും യുവതിയുടെ അറസ്റ്റിനെ സംബന്ധിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. മാത്രമല്ല, യുവതിയില്‍നിന്ന് പിടിച്ചെടുത്ത ഡയറിയെക്കുറിച്ചും പെന്ഡ്രൈവുകളെക്കുറിച്ചും പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിവിധ രാഷ്ട്രീയ നേതാക്കളടക്കം പല ഉന്നതരുടെ പേരുകളും പിടിച്ചെടുത്ത ഡയറിയില്‍ ഉണ്ടെന്നാണ് സൂചന.