ചെളിവെള്ളത്തിലൂടെ നടന്നു വേണം ഇരിക്കൂർ താലൂക്ക് ആശുപത്രിയിൽ എത്താൻ
ഇരിക്കൂർ : ഇരിക്കൂർ താലൂക്ക് ആശുപത്രി പ്രവേശന കവാടത്തിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നു. പൂർണമായും ചെളി വെള്ളം നിറഞ്ഞതോടെ നടന്നു പോകാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്.നടന്നു പോകുന്ന രോഗികളാണ് ദുരിതമനുഭവിക്കുന്നത്. ഇതുവഴി വാഹനങ്ങൾകൂടി പോകുന്നതിനാൽ ദുരിതം ഇരട്ടിയാണ്. മലയോര മേഖലയിൽനിന്ന് ഉൾപ്പെടെ 600ൽ ഏറെപ്പേർ ദിവസവും ഇവിടെ ചികിത്സ തേടിയെത്തുന്നു. പ്രതിരോധ കുത്തിവയ്പിന് കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവർ വേറെയും. തൊട്ടടുത്ത ആയുർവേദ ആശുപത്രിയിലേക്കുള്ള രോഗികളും ജീവനക്കാരും ഇതുവഴിയാണ് പോകുന്നത്. മഴക്കാലം തുടങ്ങിയതു മുതൽ ഇതാണ് അവസ്ഥ. വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരത്ത് മലിനജലം കെട്ടിക്കിടക്കുന്നതിനെതിരെ ബോധവൽക്കരണം നടത്തുന്ന ആരോഗ്യ വകുപ്പ് അധികൃതരുടെ മൂക്കിനു താഴെ ചെളിവെള്ളം കെട്ടിക്കിടന്നിട്ടും നടപടിയെടുക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.