ഇരട്ട നരബലി; മുഖ്യ പ്രതി ഷാഫിയുടെ ഗാന്ധിനഗറിലുള്ള വീട്ടില്‍ പൊലീസ് പരിശോധന
കൊച്ചി: ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യ പ്രതി ഷാഫിയുടെ ഗാന്ധിനഗറിലുള്ള വീട്ടില്‍ പൊലീസ് പരിശോധന. പ്രതിയുടെ ഭാര്യ നബീസയെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പടെയുള്ള നടപടികളാണ് പുരോഗമിക്കുന്നത്. മുഹമ്മദ് ഷാഫിയുടെ ഭാര്യയുടെ മൊബൈല്‍ ഫോണില്‍ ‘ശ്രീദേവി’ എന്ന വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് ഷാഫി രണ്ടാം പ്രതി ഭഗവല്‍ സിങ്ങുമായി ചാറ്റിങ് നടത്തിയത്. കേസിലെ മുഖ്യതെളിവാണ് ഫോണ്‍ എന്നതിനാല്‍ അത് കണ്ടെടുക്കാനുള്ള ശ്രമവും പുരോഗമിക്കുന്നുണ്ട്. അതേസമയം പ്രതിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പ്രവേശിക്കാന്‍ കഴിഞ്ഞ ദിവസം സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പൊലീസിനു സാധിച്ചിരുന്നു. ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള പ്രതി സ്വന്തമായാണോ പ്രൊഫൈലുണ്ടാക്കി ചാറ്റു ചെയ്തത് എന്ന കാര്യത്തില്‍ പൊലീസ് ഇപ്പോഴും സംശയം ഉയര്‍ത്തുന്നുണ്ട്. മറ്റാരും സഹായിച്ചിട്ടില്ല എന്നാണ് മൊഴിയെങ്കിലും അത് വിശ്വസിച്ചിട്ടില്ല. ഭാര്യയുടെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടായേക്കും. കേസില്‍ മറ്റ് രണ്ടു പ്രതികളുടെ ചോദ്യം ചെയ്യല്‍ എറണാകുളം പൊലീസ് ക്ലബ്ബില്‍ പുരോഗമിക്കുകയാണ്.