ഇലന്തൂരിലെ ഇരട്ട നരബലി; ആയുധങ്ങളിലും ഫ്രിഡ്ജിലും രക്തക്കറ, വീട്ടുവളപ്പില്‍ നിന്നും അസ്ഥിക്കഷണം കണ്ടെത്തി
പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട നരബലി നടന്ന സ്ഥലത്തു നിന്ന് ആയുധങ്ങള്‍ കണ്ടെത്തി. കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. കൊലയ്ക്ക് ഉപയോഗിച്ചതായി കരുതുന്ന മൂന്ന് കറിക്കത്തികളും ഒരു വെട്ടുകത്തിയുമാണ് കിട്ടിയത്. ആയുധങ്ങളില്‍ പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങള്‍ പതിഞ്ഞതായി സൂചനകളുണ്ട്. വീടിനോട് ചേര്‍ന്നുള്ള ചികിത്സാ കേന്ദ്രത്തില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ആയുധങ്ങളിലും ഫ്രിഡ്ജിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. കെമിക്കല്‍ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. ആരുടേതാണെന്ന് തിരിച്ചറിയാന്‍ കൂടുതല്‍ പരിശോധന നടത്തും.
പരിശോധനയില്‍ വീട്ടുവളപ്പില്‍ നിന്നും ഒരു അസ്ഥിക്കഷണം കണ്ടെത്തി. റോസ്ലിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തു നിന്നാണ് എല്ലിന് കഷണം ലഭിച്ചത്. ഇത് മനുഷ്യരുടേതാണോ, മൃഗങ്ങളുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. കണ്ടെടുത്ത അസ്ഥിക്കഷണം ഫൊറന്‍സിക് ലാബില്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കും.പുരയിടത്തില്‍ മണ്ണിളകിയ പ്രദേശങ്ങളിലെല്ലാം പൊലീസ് അടയാളപ്പെടുത്തി പരിശോധന നടത്തുകയാണ്. ആറോളം സ്ഥലങ്ങളിലാണ് പൊലീസ് മാര്‍ക്ക് ചെയ്തിട്ടുള്ളത്. വീടിന്റെ പലഭാഗങ്ങളിലായി മഞ്ഞള്‍ നട്ടിട്ടുണ്ട്. സാധാരണ മഞ്ഞള്‍ കൃഷി ചെയ്യുന്ന രീതിയിലല്ല ഇത്. പല ഭാഗങ്ങളിലായി കുറച്ചു കുറച്ചായി നട്ടിരിക്കുകയാണ്. ഈ സ്ഥലങ്ങളില്‍ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.