നരബലിക്ക് ശ്രമമെന്ന് സംശയം: വീട് അടച്ചിട്ട് പൂജ നടത്തിയ കുടുംബം പിടിയിൽ
തിരുവണ്ണാമല: തമിഴ്നാട് തിരുവണ്ണാമലയിലെ ആറണിയിൽ നരബലി നടത്താൻ ശ്രമം നടന്നുവെന്ന് അഭ്യൂഹം. ദസറാപ്പേട്ടിലുള്ള വീട്ടിൽ മൂന്ന് ദിവസമായി വാതിലടച്ച് മന്ത്രവാദം നടത്തുന്നുവെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ആഭിചാര പൂജ തടയുകയായിരുന്നു. വീട്ടുകാർ വാതിൽ തുറക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ജെസിബി ഉപയോഗിച്ച് വീടിന്റെ വാതിൽ തകർത്താണ് പൊലീസ് ഉള്ളിൽ കടന്നത്. കേരളത്തിൽ നരബലി വാർത്തയുടെ പശ്ചാത്തലത്തിൽ പരിഭ്രാന്തരായ നാട്ടുകാരാണ് പരാതി നൽകിയത്.
വിവരം അറിഞ്ഞ് എത്തിയ പൊലീസും സ്ഥലം തഹസീൽദാറായ ജഗദീശനും വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും വീട്ടിലുണ്ടായിരുന്നവർ തുറന്നില്ല. വാതിൽ തുറക്കാൻ ശ്രമിച്ചാൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്യുമെന്നും പൂജ തടസ്സപ്പെടുത്തരുതെന്നും ഉള്ളിലുണ്ടായിരുന്നവർ വിളിച്ചുപറഞ്ഞു. ഇതോടെ പുറത്ത് തടിച്ചു കൂടിയ ഗ്രാമവാസികളാകെ ക്ഷുഭിതരായി. വീട്ടുകാര്‍ സഹകരിക്കാതിരുന്നതോടെ പൊലീസ് അഗ്നിരക്ഷാസേനയുടെ സഹായം തേടി. തുടര്‍ന്നാണ് ജെസിബി ഉപയോഗിച്ച് വീടിന്റെ വാതിൽ തകർത്ത് പൊലീസും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും ഉള്ളിൽ കടന്ന് മന്ത്രവാദം നടത്തിയവരെ പിടികൂടുകയായിരുന്നു.