ഇരട്ടനരബലി; മുഖ്യ ആസൂത്രകന്‍ ഷാഫി മുഹമ്മദ്; ഇയാള്‍ ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും പോലീസ്
കൊച്ചി: ഇലന്തൂരിലെ ഇരട്ടനരബലിയുടെ മുഖ്യ ആസൂത്രകന്‍ ഷാഫി മുഹമ്മദെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. ഇയാള്‍ ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്ന ആളാണെന്നും ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും പോലീസ് പറഞ്ഞു. കേരളത്തില്‍ ഇയാള്‍ കറങ്ങാത്ത ഒരു സ്ഥലവുമില്ല. മറ്റ് രണ്ടു പ്രതികളെ നരബലി നടത്താന്‍ പ്രേരിപ്പിച്ചത് ഷാഫിയാണ്. രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിംഗിനും ലൈലയ്ക്കും മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ല. ഷാഫി പറഞ്ഞത് അനുസരിക്കുന്ന നിലയിലേയ്ക്ക് ഇവരെ എത്തിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീകളുടെ സാമ്പത്തിക ബാധ്യതയാണ് പ്രതി മുതലെടുത്തത്. പണം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചാണ് ഇവരെ ഇലന്തൂരിലെത്തിച്ചത്.
വിപുലമായ അന്വേഷണത്തിലൂടെയാണ് കേസ് തെളിയിച്ചത്. കടവന്ത്രയില്‍ താമസിക്കുന്ന പദ്മയുടെ തിരോധാനം അന്വേഷിക്കുമ്പോള്‍ ഇവരുടെ വസ്ത്രത്തിന്റെ നിറം പോലും ലഭിച്ചിരുന്നില്ല. ഈ കേസന്വേഷണത്തിലൂടെയാണ് ഷാഫിയിലേയ്ക്കെത്തിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു സ്ത്രീയെ കൂടി ബലി നല്‍കിയെന്ന് വ്യക്തമായത്. ചോദ്യം ചെയ്യലില്‍ ഷാഫി ആദ്യം സഹകരിച്ചില്ല. തെളിവുകള്‍ ചൂണ്ടിക്കാട്ടി നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. സിസിടിവി ദൃശ്യങ്ങളാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. സാധാരണകേസ് അല്ലെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ ബോധ്യമായിരുന്നെന്നും പോലീസ് അറിയിച്ചു.