നരബലി: പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; ഇരകളെ എത്തിച്ചത് നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ എന്ന് പറഞ്ഞ്
പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച നരബലിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കാലടിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ റോസ്ലിനെയാണ് ഇലന്തൂരിലെ ദമ്പതിമാരും പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബും(ഷാഫി) ചേര്‍ന്ന് നരബലിയുടെ പേരില്‍ ആദ്യം കൊലപ്പെടുത്തിയത്. ജൂണ്‍ മാസത്തിലാണ് ആ കൊലപാതകമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതിനുപിന്നാലെ രണ്ടു മാസത്തിന് ശേഷമാണ് കടവന്ത്രയിലെ ലോട്ടറിക്കച്ചവടക്കാരിയായ പത്മത്തെ ഇലന്തൂരില്‍ എത്തിച്ചത്. ഇവരെയും ആഭിചാരക്രിയകളുടെ ഭാഗമായി തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
സൂത്രധാരന്‍ ഷാഫി എന്ന ഷിഹാബ്
പിടിയിലായ ഷിഹാബാണ് സംഭവങ്ങളുടെ പ്രധാന സൂത്രധാരനാണെന്നാണ് പോലീസ് അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തല്‍. പെരുമ്പാവൂര്‍ സ്വദേശി ഷിഹാബ്, പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍സിങ്, ഭാര്യ ലൈല എന്നിവരാണ് നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ശ്രീദേവി എന്ന പേരിലുള്ള വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ വൈദ്യനായ ഭഗവല്‍സിങ്ങുമായി അടുപ്പം സ്ഥാപിക്കുന്നത്. സ്ത്രീയാണെന്ന വ്യാജേന ഭഗവല്‍സിങ്ങുമായി ചാറ്റ് ചെയ്തിരുന്ന ഷിഹാബാണ് തന്റെ അറിവില്‍ റഷീദ് എന്ന പേരുള്ള ഒരു സിദ്ധനുണ്ടെന്നും ഇയാളെ കണ്ടാല്‍ കുടുംബത്തിന് ഐശ്വര്യം കൈവരുമെന്നും വിശ്വസിപ്പിച്ചത്. തുടര്‍ന്ന് റഷീദ് എന്ന സിദ്ധനായി ഷിഹാബ് തന്നെ ഭഗവല്‍ സിങ്ങിന് മുന്നില്‍ അവതരിച്ചു. ഫോണില്‍ വിളിച്ച ഭഗവല്‍സിങ്ങിനോട് സാമ്പത്തിക അഭിവൃദ്ധിക്കായി ചില ആഭിചാരക്രിയകള്‍ നടത്തണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ഷിഹാബ് ഇലന്തൂരിലെ വീട്ടിലെത്തി ദമ്പതിമാരെ നേരിട്ട് കണ്ടിരുന്നു.
ഇരകള്‍ക്ക് വാഗ്ദാനം 10 ലക്ഷം
ആഭിചാരക്രിയകളുടെ ഭാഗമാണെന്ന്് വിശ്വസിപ്പിച്ച് ഷിഹാബ് ആദ്യം ചെയ്തത് ഭഗവല്‍സിങ്ങിന്റെ ഭാര്യ ലൈലയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയായിരുന്നു. ഭര്‍ത്താവായ ഭഗവല്‍ സിങ്ങിന്റെ മുന്നില്‍വെച്ചാണ് ഷിഹാബ് ലൈലുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. തുടര്‍ന്നാണ് ഐശ്വര്യത്തിനായി നരബലി നടത്താമെന്ന ആശയം ഷിഹാബ് മുന്നോട്ടുവെച്ചത്. സ്ത്രീകളെയാണ് ബലി നല്‍കേണ്ടതെന്നും സ്ത്രീകളെ താന്‍ തന്നെ എത്തിച്ചുനല്കാമെന്നും ഇയാള്‍ പറഞ്ഞു. റോസ്ലിനെയാണ് പ്രതികള്‍ നരബലിക്കായി ആദ്യം കണ്ടെത്തിയത്. കാലടിയില്‍ ലോട്ടറിക്കച്ചവടം നടത്തിയിരുന്ന റോസ്ലിനെ സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഷിഹാബ് പരിചയപ്പെട്ടത്. നീലച്ചിത്രത്തില്‍ അഭിനയിക്കാനാണ് അവസരമുള്ളതെന്നും പത്തു ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നും വാഗ്ദാനം ചെയ്തു. ഇതോടെയാണ് റോസ്ലിന് കൊലയാളികളുടെ കെണിയില്‍ കുടുങ്ങിയത്. തുടര്‍ന്ന് റോസ്ലിനെ ഇലന്തൂരിലെ ദമ്പതിമാരുടെ വീട്ടിലെത്തിച്ചു. കട്ടിലില്‍ കെട്ടിയാണ് മൂന്നുപ്രതികളും റോസ്ലിനെ തലയറുത്ത് കൊലപ്പെടുത്തിയത്.
കഷണങ്ങളാക്കിയ മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ടു
ലൈലയാണ് ആദ്യം റോസ്ലിന്റെ കഴുത്തില്‍ കത്തിവെച്ചതെന്നാണ് വിവരം. തുടര്‍ന്ന് ഇവരുടെ ജനനേന്ദ്രിയത്തില്‍ കത്തി കുത്തിക്കയറ്റി മുറിവുണ്ടാക്കി. ഈ രക്തം പാത്രത്തില്‍ ശേഖരിച്ചു. പിന്നാലെ ശരീരമാസകലം മുറിവുകളുണ്ടാക്കുകയും മൃതദേഹം കഷണങ്ങളാക്കുകയും ചെയ്തു. ഈ രക്തമെല്ലാം ശേഖരിച്ച് പിന്നീട് വീടിന്റെ പല ഭാഗങ്ങളിലും തളിച്ച് ശുദ്ധീകരണം നടത്തി. തുടര്‍ന്ന് കഷണങ്ങളാക്കിയ മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. ഇതിനുശേഷം ദമ്പതിമാരില്‍നിന്ന് രണ്ടരലക്ഷം രൂപ കൂടി കൈപ്പറ്റിയ ശേഷമാണ് ഷിഹാബ് ഇലന്തൂരില്‍നിന്ന് മടങ്ങിയത്.ആദ്യത്തെ നരബലി കഴിഞ്ഞിട്ടും പ്രതീക്ഷിച്ച ഫലമൊന്നും ലഭിച്ചില്ലെന്ന് ഭഗവല്‍ സിങ് പരാതിപ്പെട്ടതോടെയാണ് പ്രതികള്‍ രണ്ടാമത്തെ നരബലിക്ക് മുതിര്‍ന്നത്. ആദ്യത്തെ നരബലിക്ക് ഫലം ലഭിക്കാത്തതിന് കാരണം കുടുംബത്തിന്മേലുള്ള ശാപമാണെന്നായിരുന്നു ഷിഹാബ് വിശ്വസിപ്പിച്ചത്. രണ്ടാമത്തെ നരബലിയോടെ ഇത് മാറുമെന്നും പൂര്‍ണമായും ഐശ്വര്യം കൈവരുമെന്നും വിശ്വസിപ്പിച്ചു. തുടര്‍ന്നാണ് രണ്ടാമത്തെ ഇരയായ പത്മയെ ഷിഹാബ് കണ്ടെത്തിയത്.
പത്മത്തെ കാണാതായെന്ന പരാതി പ്രതികളെ കുടുക്കി
കടവന്ത്രയില്‍ ലോട്ടറി കച്ചവടം നടത്തിയിരുന്ന ഇവരെയും നീലച്ചിത്രത്തില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്താണ് കൊണ്ടുപോയത്. തുടര്‍ന്ന് ഇലന്തൂരിലെ വീട്ടിലെത്തിച്ച് റോസ്ലിനെ കൊലപ്പെടുത്തിയ അതേരീതിയില്‍ തന്നെ പത്മത്തെയും പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നു. സെപ്റ്റംബര്‍ 26-നാണ് കടവന്ത്രയിലെ ലോട്ടറി കച്ചവടക്കാരിയായ പത്മത്തെ കാണാതായത്. സെപ്റ്റംബര്‍ 27-ന് ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്കി. കടവന്ത്ര പോലീസ് നടത്തിയ അന്വേഷണത്തില്‍ പത്മത്തിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അവസാനമായി തിരുവല്ലയിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് തിരുവല്ല കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പത്മത്തെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടതായി വ്യക്തമായത്. പത്മം കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഷിഹാബിനെയും ദമ്പതിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്തതോടെ കേരളത്തെ ഞെട്ടിച്ച നരബലിയുടെ ചുരുളഴിയുകയായിരുന്നു.