ഇടുക്കിയില്‍ നിര്‍ത്തിയിട്ട കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; ഒരു മരണം, 5 പേര്‍ക്ക് പരിക്ക്
കുട്ടിക്കാനം : ഇടുക്കി കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണു. അപകടത്തിൽ കാറിൽ ഉണ്ടായിരുന്നു വയോധിക മരിച്ചു.
ഉപ്പുതറ സ്വദേശി സോമിനി ( 67 ) ആണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം.
കമ്പംമെട്ട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ബിബിൻ ദിവാകരനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. പാഞ്ചാലിമേട്ടില്‍ പോയി മടങ്ങി വരുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
പ്രദേശത്ത് അതി ശക്തമായ മഴയാണ്. വാഹനം അരികിൽ നിർത്തി വിശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പരിക്കറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിനു ശേഷം 40 മിനിറ്റ് കഴിഞ്ഞാണ് സോമിനയെ വാഹനത്തിൽ നിന്ന് പുറത്തെടുക്കാനായത്. സ്വദേശികളും പോലീസ് ഉദ്യോഗസ്ഥരുമായ ബിബിൻ (35), ഭാര്യ അനുഷ്ക (31), ആദവ് (5), ലക്ഷ്യ (എട്ട് മാസം) അനുഷ്കയുടെ മാതാവ് ഷീല (52) എന്നിവരെ പരുക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.. ബിബിൻ – അനുഷ്ക ദമ്പതികളുടെ വീട്ടിൽ സഹായിയായിരുന്നു മരിച്ച സോമിന.