ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതികളുടെ തെളിവെടുപ്പ് ഇന്നും തുടരും
കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതികളുടെ തെളിവെടുപ്പ് ഇന്നും തുടരും. ഇന്നലെ പ്രതികളെ ഇലന്തൂരിലെ വീട്ടില്‍ എത്തിച്ചു മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്ന് ഭഗവല്‍ സിംഗിനെ പത്തനംതിട്ടയിലും, മുഖ്യപ്രതി മുഹമ്മദ് ഷാഫിയെ കൊച്ചിയിലെ വിവിധ സ്ഥലത്തും എത്തിച്ചു തെളിവെടുപ്പ് നടത്താനാണ് ആലോചന. പത്മയെയും റോസിലിയെയും കൊലപ്പെടുത്താന്‍ കയറും കത്തിയും വാങ്ങിയ ഇലന്തൂരിലെ കടകളില്‍ എത്തിച്ചാകും ഭഗവല്‍ സിംഗിന്റെ ഇന്നത്തെ തെളിവെടുപ്പ്. പ്രതികളില്‍ നിന്ന് കൂടുതല്‍ സ്ത്രീകളെ ഉപദ്രവിച്ചതിന്റെ വിവരങ്ങള്‍ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്ന് പ്രത്യേക സംഘം വ്യക്തമാക്കി.
ഇലന്തൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൊല്ലപ്പെട്ട സ്ത്രീകളുടേതെന്ന് സംശയിക്കുന്ന രക്തക്കറ, ശരീരഭാഗങ്ങള്‍, അടക്കം 40ലേറെ തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്. ഇവ വിശദമായ പരിശോധനയ്ക്ക് അയക്കും. ഇരകളെ കൊന്ന് നരഭോജനം നടത്തിയെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ലൈല ഒഴികെ രണ്ടുപേരും മനുഷ്യമാംസം കറിവെച്ച് കഴിച്ചു. പ്രഷര്‍ കുക്കറിലാണ് പാചകം ചെയ്തത്. അന്വേഷണ സംഘത്തോട് പ്രതികള്‍ ഇക്കാര്യം സമ്മതിക്കുകയായിരുന്നു. ഇരട്ട നരബലി നടന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളില് മനുഷ്യമാസം സൂക്ഷിച്ചതിന്റെ തെളിവുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫ്രിഡ്ജിനുള്ളില് രക്തകറയുണ്ട്. 10 കിലോഗ്രാം മനുഷ്യ മാംസം പ്രതികള്‍ ഫ്രീസറില്‍ സൂക്ഷിച്ചു. രണ്ട് സ്ത്രീകളുടെ ആന്തരികാവയവങ്ങളും ചില ശരീര ഭാഗങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. ഫ്രിഡ്ജിലെ ഫ്രീസറില്‍ സൂക്ഷിച്ച മാംസം പിന്നീട് മറ്റൊരു കുഴിയുണ്ടാക്കി അതിലേക്ക് മാറ്റി. നരബലി നടന്ന വീട്ടുവളപ്പില്‍ പൊലീസ് എട്ട് മണിക്കൂര്‍ നീണ്ട പരിശോധനയാണ് നടത്തിയത്. എന്നാല്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല. വീട്ടുപറമ്പില്‍ ഇനിയൊരു മൃതദേഹാവശിഷ്ടം ഉണ്ടാവാനുള്ള സാധ്യതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.