നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി, നിയമം ലംഘിക്കുന്ന ബസ്സുകളുടെ ഫിറ്റ്നസ് റദ്ദാക്കണം
കൊച്ചി: നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ പൊതുനിരത്തില്‍ പാടില്ലെന്ന് ഹൈക്കോടതി. നിയമവിരുദ്ധ ലൈറ്റുകളോ ശബ്ദസംവിധാനങ്ങളോ ഉള്ള വാഹനങ്ങള്‍ പിടിച്ചെടുക്കാം. നിയമവിരുദ്ധ നിറങ്ങളുള്ള വാഹനങ്ങളും പിടിച്ചെടുക്കണമെന്ന് കോടതി നിര്‍ദേശം നല്കി. ലൈറ്റും സൗണ്ട് സിസ്റ്റവുമുള്ള വാഹനങ്ങള്‍ വിദ്യാര്‍ത്ഥികളാണ് ആവശ്യപ്പെടുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചപ്പോള്‍, ഫ്ലാഷ് ലൈറ്റും ഡിജെ സംവിധാനവും അനുവദിക്കുന്നതെങ്ങനെ എന്ന് കോടതി ചോദിച്ചു. വിദ്യാര്‍ഥികള്‍ ഇത്തരം ബസ്സുകളില്‍ വിനോദയാത്ര പോകേണ്ടതില്ല എന്ന് വ്യക്തമാക്കിയ കോടതി, രക്ഷിതാക്കളുടെ നിലവിളി ആര് കേള്‍ക്കും എന്ന ചോദ്യവും ഉന്നയിച്ചു.
നിയമവിരുദ്ധമായ വാഹനങ്ങള്‍ ഇനി സ്കൂള്‍-കോളജ് ക്യാംപസില്‍ കയറ്റാന്‍ അനുവദിക്കരുതെന്ന് കോടതി പറഞ്ഞു. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് കോടതി നിലപാട് കടുപ്പിച്ചത്. കോടതി വടക്കഞ്ചേരി അപകടത്തിന്റെ ദൃശ്യങ്ങള്‍ തുറന്ന കോടതിയില്‍ പരിശോധിക്കുകയും ചെയ്തു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങളോട് ഒരു സൗമ്യതയും വേണ്ടെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.
നിയമം ലംഘിക്കുന്ന കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും പൊലീസും, കര്‍ശന നടപടി എടുക്കണമെന്നും കോടതി ഉത്തരവിട്ടു. നിയമലംഘനം നടത്തുന്ന കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്ളോഗര്‍മാര്‍ക്കെതിരെയും നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
നിയമം ലംഘിക്കുന്ന ബസ്സുകളുടെ ഫിറ്റ്നസ് റദ്ദാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു. ഇത്തരം വാഹനങ്ങളുടെ ഡ്രൈവറുടെ ലൈസന്‍സും ഉടനടി സസ്പെന്‍ഡ് ചെയ്യണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രനും പി ജി അജിത് കുമാറും അടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.