ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും; കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
മെല്‍ബണ്‍: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. ഉച്ചക്ക് 1.30നാണ് മത്സരം. മത്സരത്തിന് മഴ ഭീഷണി ഉണ്ടെങ്കിലും ആരാധകര്‍ പ്രതീക്ഷയിലാണ്. മെല്‍ബണില്‍ ഉച്ചക്ക് ശേഷം കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
സമ്മര്‍ദങ്ങളില്ലാതെയാണ് ഇന്ത്യ കളിക്കാന്‍ ഇറങ്ങുന്നതെന്ന് ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മ വ്യക്തമാക്കി. മുഹമ്മദ് ഷമിയുടെ വരവ് ടീമിന് ഗുണം ചെയ്യും. ഇന്ത്യയുടെ പ്ലേയിംഗ് ഇലവന് മത്സരത്തിന് തൊട്ടുമുമ്പ് മാത്രമേ ഉറപ്പാകൂ. താരങ്ങളെല്ലാം കളിക്കാന്‍ ഫിറ്റ് ആണെന്നും മുഹമ്മദ് ഷമിയുടെ വരവ് ടീമിന് ഗുണം ചെയ്യുമെന്നും രോഹിത് പറഞ്ഞു.
കഴിഞ്ഞ ലോകകപ്പിലും അടുത്തിടെ നടന്ന ഏഷ്യ കപ്പിലും ഇന്ത്യന്‍ കിരീട സ്വപ്നങ്ങള്‍ക്ക് മേല്‍ ഇടിത്തീയായത് പാകിസ്ഥാന് ടീമായിരുന്നു. ഓസ്ട്രേലിയയിലും ആദ്യ കടമ്പ പാകിസ്ഥാന് തന്നെ. എന്നാല്‍ സമ്മര്‍ദമില്ലെന്നാണ് നായകന് രോഹിത് ശര്‍മ്മ പറയുന്നത്.
അതിനിടെ ഇന്നലെ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനിനെ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ചു. സ്കോര്‍ അഫ്ഗാനിസ്ഥാന്: 19.4 ഓവറില്‍ 112 , ഇംഗ്ലണ്ട്: 18.1 ഓവറില്‍ 113/5. 21 പന്തില്‍ 29 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ലിയാം ലിവിങ്സ്റ്റണ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ഇംഗ്ലണ്ടിനായി 10 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ സാം കറനാണ് അഫ്ഗാന്റെ നടുവൊടിച്ചത്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്റെ തുടക്കം തന്നെ പിഴച്ചു. രണ്ടാമത്തെ ഓവറില്‍ ഗുര്‍ബാസ് ( 9 പന്തില്‍ 10 റണ്‍സ്) നഷ്ടമായി. തുടര്‍ന്ന് നിശ്ചിത ഇടവേളകളില്‍ അഫ്ഗാന്റെ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. 30 പന്തില്‍ 30 റണ്‍സെടുത്ത ഉസ്മാന് ഗനിയും 32 പന്തില്‍ 32 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനും മാത്രമാണ് അഫ്ഗാന് നിരയില്‍ പിടിച്ചുനിന്നത്. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സ്, മാര്‍ക്ക് വുഡ് എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.