ഇന്ത്യ-യുഎഇ വ്യാപാരം ഇനി രൂപയിലും ദിര്‍ഹത്തിലും; കരാറൊപ്പിട്ട് മോദിയും അല്‍ നഹ്യാനും
ഷാര്‍ജ: ഇന്ത്യ-യുഎഇ വ്യാപാരം ഇനി അതാത് കറന്‍സികളില്‍ നടക്കും. ഇതിനായുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പു വെച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പ്രഖ്യാപിച്ചു. ഓരോ ഇന്ത്യക്കാരനും അല്‍ നഹ്യാനെ ഒരു ‘യഥാര്‍ത്ഥ സുഹൃത്താ’യാണ് കാണുന്നതെന്നും മോദി യുഎഇ പ്രസിഡന്റിനോട് പറഞ്ഞു.
‘ഇരു രാജ്യങ്ങളുടെയും കറന്‍സികളിലെ വ്യാപാര ഇടപാടിനായി ശനിയാഴ്ച ഒപ്പുവച്ച കരാര്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ സാമ്പത്തിക സഹകരണവും പരസ്പര വിശ്വാസവും സൂചിപ്പിക്കുന്നു,’ കരാര്‍ ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഒപ്പുവെച്ചതിന് ശേഷം ഇന്ത്യ-യുഎഇ വ്യാപാരം 20% വളര്‍ച്ച നേടിയിട്ടുണ്ടെന്നും മോദി എടുത്തുപറഞ്ഞു.
‘ഞങ്ങളുടെ ഉഭയകക്ഷി വ്യാപാരം 20% വര്‍ദ്ധിച്ചു. ആദ്യമായി ഞങ്ങള്‍ 85 ബില്യണ്‍ ഡോളറിന്റെ വ്യാപാരം കൈവരിച്ചു, ഉടന്‍ തന്നെ 100 ബില്യണ്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കും. തീരുമാനിച്ചുറപ്പിച്ചാല്‍, ജി 20 സമ്മേളശനത്തിന് മുമ്പ് നമുക്ക് ഈ നാഴികക്കല്ല് മറികടക്കാന്‍ കഴിയും,’ അദ്ദേഹം പറഞ്ഞു.
ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സിഒപി-28 കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
യുഎഇയുടെ കോപ്-28 അധ്യക്ഷതയ്ക്ക് പ്രധാനമന്ത്രി പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കുകയും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളും സംരംഭങ്ങളും ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.