ഇന്ത്യ ഓസ്ട്രേലിയ ടി20; ഇന്ന് ഫൈനല്‍
ഹൈദരാബാദ്: ഇന്നാണ് ഫൈനല്‍. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. പരമ്പരയിലെ അവസാനത്തെ മത്സരമാണിന്ന്. രാത്രി 7.00ന് ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചതിനാല്‍ ഇന്നത്തെ വിജയിക്ക് പരമ്പര സ്വന്തമാക്കാം. ആദ്യമത്സരത്തില്‍ ഓസ്ട്രേലിയയും രണ്ടാം പോരാട്ടത്തില്‍ ഇന്ത്യയും ജയിച്ചിരുന്നു. 20 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരുന്നു രണ്ടാം ട്വന്റി-20യില്‍ ഇന്ത്യന്‍ ബാറ്റിംഗിലെ കരുത്ത്. ദിനേശ് കാര്‍ത്തികിന്റെ ഫിനിഷിംഗ് പാടവം തെളിഞ്ഞ മത്സരവുമായിരുന്നു. ബൗളിംഗില്‍ ജസ്പ്രീത് ബുംറ തിരിച്ചെത്തിയത് ആശ്വാസമായി. ഹര്‍ഷല്‍ പട്ടേല്‍ എക്സ്പന്‍സീവ് ആയിരുന്നു. അതുകൊണ്ടുതന്നെ മൂന്നാം മത്സരത്തില്‍ ഹാര്‍ഷല്‍ ടീമില്‍ ഉണ്ടാകുമോ എന്നു കണ്ടറിയണം.
പൊതുവേ ഫ്ളാറ്റ് പിച്ചാണ് ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലേത്. മത്സരം പുരോഗമിക്കുന്തോറും സ്ലോ ആകുന്നതാണ് മുന്‍കാല ചരിത്രം. അതുകൊണ്ടുതന്നെ പേസര്‍മാരേക്കാള്‍ സ്പിന്നര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കും. രണ്ടാം ട്വന്റി-20 മഴയെത്തുടര്‍ന്ന് എട്ട് ഓവര്‍ ആക്കി ചുരുക്കിയിരുന്നു. അതുകൊണ്ടുതന്നെ മഴയുടെ സാധ്യത പരിശോധിച്ചാല്‍, പകല്‍ 24 ശതമാനവും രാത്രി 22 ശതമാനവും മാത്രമാണ്.