ഇഷാനും അയ്യരും തകര്‍ത്തു, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് ജയം
റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 279 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 45.5 ഓവറില്‍ മറകടന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് നേടിയാണ് ഇന്ത്യ വിജയം കൊയ്തത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി. ശ്രേയസ് അയ്യര്‍ നേടിയ സെഞ്ച്വറിയും ഇഷാന് കിഷന്റെ ഉജ്ജ്വല ബാറ്റിങുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. 48 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരെ നഷ്ടമായി. ക്യാപ്റ്റന്‍ ശിഖര്‍ ധവാന് 20 പന്തില്‍ 13 റണ്‍സുമായി പുറത്തായി. ശുഭ്മാന്‍ ഗില്‍ 26 പന്തില്‍ 28 റണ്‍സുമായി മടങ്ങി. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇഷാന് കിഷന്- ശ്രേയസ് അയ്യര്‍ സഖ്യമാണ് ഇന്ത്യന്‍ വിജയത്തിന് കളമൊരുക്കയിത്. ഇഷാനായിരുന്നു ആക്രമിച്ച് കളിച്ചത്. കന്നി ഏകദിന സെഞ്ച്വറിക്ക് ഏഴ് റണ്‍സ് അകലെ പുറത്തായത് മാത്രമാണ് താരത്തിന് നിരാശയായത്. ഏഴ് സിക്സും നാല് ഫോറും സഹിതം താരം 84 പന്തില്‍ 93 റണ്‍സെടുത്ത് പുറത്തായി. ഏകദിനത്തിലെ രണ്ടാം സെഞ്ച്വറിയാണ് ശ്രേയസ് കുറിച്ചത്. പുറത്താകാതെ 111 പന്തുകള്‍ നേരിട്ട് 15 ഫോറുകള്‍ സഹിതം 113 റണ്‍സാണ് ശ്രേയസ് നേടിയത്. ശ്രേയസിനൊപ്പം മലയാളി താരം സഞ്ജു സാംസണ് പുറത്താകാതെ നിന്നു. 36 പന്തില്‍ ഒരു ഫോറും സിക്സും സഹിതം 30 റണ്‍സാണ് സഞ്ജു കണ്ടെത്തിയത്.
ടോസ് നേടി ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സാണ് അവര്‍ കണ്ടെത്തിയത്. എയ്ഡന്‍ മാര്‍ക്രം, റീസ ഹെന്‍ഡ്രിക്സ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. മാര്‍ക്രം 79 റണ്‍സ് കണ്ടെത്തി. റീസ ഹെന്‍ഡ്രിക്സ് 74 റണ്‍സെടുത്തു. ഡേവിഡ് മില്ലര്‍ പുറത്താകാതെ 35 റണ്‍സെടുത്തു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകള്‍ പിഴുതു.