ഇന്ത്യന്‍ വംശജനായ റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും; ബ്രിട്ടനിലെ അതിസമ്പന്നരില്‍ ഒരാളാണ് റിഷി സുനക്
ലണ്ടന്‍: ഇന്ത്യന്‍ വംശജനായ റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ബോറിസ് ജോണ്സണ്, തെരേസ മേ മന്ത്രിസഭകളില്‍ അംഗമായിരുന്ന റിഷി സുനക് നാല്‍പ്പത്തിരണ്ടാം വയസിലാണ് ബ്രിട്ടന്റെ പ്രധാനമന്ത്രി കസേരയില്‍ എത്തുന്നത്. സാമ്പത്തിക രംഗം പ്രതിസന്ധിയിലായ ബ്രിട്ടനെ നയിക്കുകയെന്ന ദുഷ്കരമായ ദൗത്യമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. ബ്രിട്ടനിലെ അതിസമ്പന്നരില്‍ ഒരാളാണ് റിഷി സുനക്. സ്വാതന്ത്ര്യത്തിന് മുമ്പ് പഞ്ചാബില്‍ നിന്ന് ആഫ്രിക്കയിലേക്ക് കുടിയേറിയ കുടുംബമാണ് റിഷിയുടെത്.
മത്സരിക്കാന്‍ ഒരുങ്ങിയ പെന്നി മോര്‍ഡന്റ് 100 എംപിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറിയതോടെയാണ് റിഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും നേരത്തെ മത്സരത്തില്‍ നിന്നും പിന്മാറിയിരുന്നു. 357 കണ്‍സര്‍വേറ്റീവ് എംപിമാരില്‍ പകുതിയില്‍ ഏറെപ്പേരും റിഷി സുനകിനെ പിന്തുണച്ചു.