ബംഗ്ലദേശ് ഓപ്പണറെ കുരുക്കിലാക്കി. മലയാളി താരം മിന്നു!
മിന്നു മണിക്ക് അരങ്ങേറ്റം, ആദ്യ ഓവറിൽ വിക്കറ്റ്. ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം.
ധാക്ക ∙ ബംഗ്ലദേശ് ഇന്നിങ്സിലെ അഞ്ചാം ഓവറിലെ നാലാം പന്ത് ആകാശത്തേക്കുയർന്നത് ചരിത്രഭാരവും പേറിയാണ്. ബംഗ്ലദേശ് ഓപ്പണർ ഷമിമ സുൽത്താന സ്ലോഗ് സ്വീപ് ചെയ്ത പന്ത് ഡീപ് സ്ക്വയർ ലെഗിൽ ജമൈമ റോഡ്രിഗസ് കൈപ്പിടിയിൽ ഒതുക്കിയപ്പോൾ സ്കോർ ബോർഡിൽ ഇങ്ങനെ തെളിഞ്ഞു– ഷെമിമ സുൽത്താന സി റോഡ്രിഗസ് ബി മിന്നു മണി.
രാജ്യാന്തര വനിതാ ട്വന്റി20യിൽ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽത്തന്നെ വിക്കറ്റ് സ്വന്തമാക്കി മലയാളി താരം മിന്നു മണി ചരിത്രം കുറിച്ചിരിക്കുന്നു. ഇന്ത്യയ്ക്കായി ട്വന്റി20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിതാ താരം, രാജ്യാന്തര ട്വന്റി20 മത്സരത്തിൽ വിക്കറ്റ് നേടുന്ന ആദ്യ മലയാളി വനിതാ താരം എന്നീ റെക്കോർഡുകൾ വയനാട്ടിൽ നിന്നുള്ള ഈ ഇരുപത്തിനാലുകാരിക്ക് സ്വന്തം. മിന്നു ഉൾപ്പെടെയുള്ള ഇന്ത്യൻ ബോളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോൾ ബംഗ്ലദേശിനെ 114 റൺസിൽ ഒതുക്കി ആദ്യ ട്വന്റി20 മത്സരം ടീം ഇന്ത്യ 7 വിക്കറ്റിന് സ്വന്തമാക്കി.