ബാറ്റിങ്ങിൽ തകർന്നടിഞ്ഞു, ബംഗ്ലദേശിന് ചരിത്ര വിജയം
മിർപൂർ : ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകളെ ഞെട്ടിച്ച് ബംഗ്ലദേശ്. 40 റൺസിന്റെ ചരിത്ര വിജയമാണ് മിർപൂരിൽ ബംഗ്ലദേശ് സ്വന്തമാക്കിയത്. ആദ്യമായാണ് ബംഗ്ലദേശ് വനിതാ ടീം ഇന്ത്യയെ ഏകദിന പോരാട്ടത്തിൽ കീഴടക്കുന്നത്. മഴ കാരണം 44 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 152 റൺസെടുത്തു പുറത്തായി. ടോസ് നേടിയ ഇന്ത്യ ബംഗ്ലദേശിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു.
64 പന്തുകളിൽനിന്ന് 39 റൺസെടുത്ത ക്യാപ്റ്റൻ നിഗർ സുൽത്താനയാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി അമന്‍ജ്യോത് കൗർ നാലു വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ നിര ബംഗ്ലദേശിനു മുന്നിൽ തകർന്നടിയുകയായിരുന്നു. 40 പന്തുകൾ നേരിട്ട് 20 റൺസെടുത്ത ദീപ്തി ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ അഞ്ച് റൺസുമായി മടങ്ങി.
സ്മൃതി മന്ഥനയ്ക്കും തിളങ്ങാൻ സാധിച്ചില്ല. 12 പന്തിൽ 11 റൺസാണ് സ്മൃതി ആകെ നേടിയത്. 35.5 ഓവറിൽ 113 റണ്‍സെടുത്ത് ഇന്ത്യ തോൽവി സമ്മതിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ബംഗ്ലദേശ് 1–0ന് മുന്നിലെത്തി. ട്വന്റി20 പരമ്പര 2–1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഇന്ത്യയ്ക്ക് എത്താൻ സാധിച്ചില്ലെന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ തോൽവിക്കു ശേഷം പ്രതികരിച്ചു.