ഐഎസ്എല്ലില്‍ മുംബൈ സിറ്റി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഒഡിഷ എഫ്സിയെ വീഴ്ത്തി
മുംബൈ: ഐഎസ്എല്ലില്‍ മുംബൈ സിറ്റി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഒഡിഷ എഫ്സിയെ വീഴ്ത്തി. മുംബൈയുടെ ഹോം ഗ്രൗണ്ടില്‍ എവേയ്ക്കിറങ്ങിയ ഒഡിഷ മികച്ച പോരാട്ടം പുറത്തെടുത്തു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ വഴങ്ങിയ സെല്‍ഫ് ഗോള്‍ അവരുടെ വിധി നിര്‍ണയിച്ചു. ഒടുവില്‍ കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ അവര്‍ രണ്ടാം ഗോളും വഴങ്ങി.
ആദ്യ പകുതിയില്‍ മികച്ച ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒഡിഷ താരങ്ങള്‍ക്ക് അതൊന്നും ഗോളിലെത്തിക്കാന്‍ സാധിച്ചില്ല. 50ാം മിനിറ്റിലാണ് മത്സരത്തിന്റെ ഫലം നിര്‍ണയിച്ച സെല്‍ഫ് ഗോളിന്റെ പിറവി. പന്തുമായി ഒഡിഷ ഡിഫന്‍ഡര്‍മാരെ മാറികടന്ന് മുന്നോട്ടു കയറിയ ലാലിയന്‍സുല ചാങ്തെയുടെ മുന്നേറ്റമാണ് ഗോളിന് വഴിവെച്ചത്. ചാങ്തെയുടെ ഷോട്ട് ഒഡിഷ ഗോള്‍കീപ്പര്‍ അമരിന്ദര്‍ സിങ് മികച്ച രീതിയില്‍ രക്ഷപ്പെടുത്തി, പക്ഷേ അമരിന്ദര്‍ തട്ടിയകറ്റിയ പന്ത് നിര്‍ഭാഗ്യവശാല്‍ പോസ്റ്റിന് തൊട്ടുമുന്നിലുണ്ടായിരുന്ന ഒഡിഷ ഡിഫന്‍ഡര്‍ ശുഭം സാരംഗിയുടെ കാലില്‍ തട്ടി വലയിലെത്തി.58ാം മിനിറ്റില്‍ മൗറീസിയോയുടെ മുന്നേറ്റം ഒഡിഷയ്ക്ക് സമനില ഗോള്‍ സമ്മാനിക്കുമെന്ന് തോന്നിച്ചു. മുംബൈ ഗോള്‍കീപ്പര്‍ ലാച്ചെന്‍പ ടീമിനെ രക്ഷിച്ചു. പിന്നാലെ മുംബൈ ലീഡ് നേടിയെന്ന് ഉറപ്പിച്ച ഗ്രെഗ് സ്റ്റീവര്‍ട്ടിന്റെ ഒരു ഷോട്ട് രക്ഷപ്പെടുത്തി അമരിന്ദര്‍ ഒഡിഷയേയും കാത്തു.കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കേ സ്റ്റീവര്‍ട്ടിന്റെ പാസില്‍ നിന്ന് ബിപിന്‍ സിങ് മുംബൈയുടെ ഗോള്‍ പട്ടിക തികച്ചു. ജയത്തോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി മുംബൈ രണ്ടാം സ്ഥാനത്ത്.