ഐഎസ്എല്‍ ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന് വന്‍ തോല്‍വി, വലനിറച്ച് എടികെ
കൊച്ചി: ഐഎസ്എല്‍ ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന് വന്‍ തോല്‍വി. എടികെ മോഹന്‍ ബഗാനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ പരാജയം.
മോഹന്‍ ബഗാന് അഞ്ച് ഗോളുകളടിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് നേടിയത് രണ്ട് ഗോളുകള്‍ മാത്രം. ബ്ലാസ്റ്റേഴ്സ് ആദ്യം ഗോളടിച്ച് തുടങ്ങിയെങ്കിലും പിന്നീട് കളി എടികെ പിടിച്ചടക്കുകയായിരുന്നു. ആദ്യ പകുതി അവസാനിച്ചപ്പോള്‍ മോഹന്‍ ബഗാന് രണ്ട് ഗോളും ബ്ലാസ്റ്റേഴ്സ് ഒരു ഗോളുമാണ് നേടിയത്. രണ്ടാം പകുതിയില്‍ എ ടി കെ മൂന്ന് ഗോളുകള്‍ നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് ഒരു തവണ മാത്രമാണ് വല കുലുക്കിയത്. സീസണിലെ രണ്ട് മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ തോല്‍വിയാണിത്. സീസണില്‍ എടികെയുടെ ആദ്യ ജയവുമാണിത്.
എടികെക്കായി ഓസ്ട്രേലിയന്‍ താരം ദിമിത്രി പെട്രാറ്റോസ് ഹാട്രിക്ക് നേടിയപ്പോള്‍ ജോണി കൗക്കോയും ലെനി റോഡ്രിഗസും ഗോള്‍ പട്ടിക തികച്ചു. ഇവാന് കല്യൂഷ്നിയും കെ പി രാഹുലുമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സ്കോറര്‍മാര്‍. എടികെക്കെതിരെ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് ജയമില്ലാതെ മടങ്ങുന്നത്.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച കേരളാ ബ്ലാസ്റ്റേഴ്സ് ആറാം മിനറ്റില്‍ ഇവാന് കല്യൂഷ്നിയുടെ ഗോളിലൂടെ മുന്നിലെത്തി. പിന്നീട് 26ാം മിനിറ്റില്‍ പെട്രാറ്റോസിന്റെ ഗോളിലൂടെ സമനില പിടിച്ച എടികെ 38ാം മിനിറ്റില്‍ ജോണി കൗക്കോയുടെയും ഗോളിലൂടെ ലീഡെടുത്തു. രണ്ടാം പകുതിയില്‍ 62-ാം മിനിറ്റില്‍ കൗക്കോ വീണ്ടും സ്കോര്‍ ചെയ്തതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ മങ്ങി.