പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നിന്നും തല അറുത്തുമാറ്റിയതായി കണ്ടെത്തി; ദുര്മന്ത്രവാദത്തിനാണെന്ന് സംശയം
ചെന്നൈ: ശ്മശാനത്തില്‍ സംസ്കരിച്ച പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നിന്നും തല അറുത്തുമാറ്റിയതായി കണ്ടെത്തി. തമിഴ്നാട് ചെങ്കല്‍പ്പെട്ട് ജില്ലയിലെ ചിത്രവാടി ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. കൃതിക എന്ന പത്തുവയസ്സുകാരിയുടെ മൃതദേഹത്തില്‍ നിന്നാണ് തല വെട്ടിയെടുത്തത്. ഇലക്ട്രിക് പോസ്റ്റ് ദേഹത്തു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൃതിക ഒക്ടോബര്‍ 14നാണ് മരിച്ചത്. മധുരാന്തകത്തിനടുത്ത് ചിത്രവാടി ശ്മശാനത്തില്‍ 15ന് മൃതദേഹം അടക്കം ചെയ്തു. കഴിഞ്ഞദിവസം കൃതികയെ സംസ്കരിച്ച സ്ഥലം ഉഴുതുമറിച്ച നിലയില്‍ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മൃതദേഹം പുറത്തെടുത്തപ്പോഴാണ് തല അറുത്തുമാറ്റിയതായി കണ്ടത്. ദുര്‍മന്ത്രവാദത്തിനാണ് തല അറുത്തുമാറ്റിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം അടക്കം ചെയ്തതിന് സമീപം നാരങ്ങയും മഞ്ഞള്‍പ്പൊടിയും കിടക്കുന്നതു കണ്ടാണ് ദുര്മന്ത്രവാദത്തിനാണോ തലയെടുത്തതെന്ന സംശയം ഉദിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പൊലീസ് അയച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.