ബിജെപിയുമായി സഖ്യമുണ്ടാക്കിയെന്ന വാര്‍ത്ത തള്ളി ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി; ചര്‍ച്ചകള്‍ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്
ബെംഗളൂരു : വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സഖ്യം രൂപീകരിച്ചു എന്ന വാര്‍ത്തകള്‍ തള്ളി ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി. സഖ്യം സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല എന്ന് കുമാരസ്വാമി പറഞ്ഞു. ചര്‍ച്ചകള്‍ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ് എന്നും ഒരുപാട് ചര്‍ച്ചകള്‍ ഇനിയും നടക്കാനുണ്ട് എന്നും അദ്ദേഹം വിശദീകരിച്ചു.
കരാര്‍ നിലവിലുണ്ടെന്ന ബി ജെ പി നേതാവ് ബി എസ് യെദ്യൂരപ്പയുടെ അഭിപ്രായം അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രതികരണമാണ് എന്നും കുമാരസ്വാമി പറഞ്ഞു. ”ഇതുവരെ സീറ്റ് വിഭജനത്തെക്കുറിച്ചോ മറ്റെന്തെങ്കിലും സംബന്ധിച്ചോ ചര്‍ച്ച നടന്നിട്ടില്ല. ഞങ്ങള്‍ സൗഹാര്‍ദ്ദപരമായാണ് കണ്ടത്. യെദ്യൂരപ്പ ഞങ്ങളുടെ പാര്‍ട്ടിയെക്കുറിച്ച് നന്നായി സംസാരിച്ചു അതിന് നന്ദി,’ കുമാരസ്വാമി പറഞ്ഞു. 2019 ല്‍ ബി ജെ പി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജയിച്ച മാണ്ഡ്യ ലോക്സഭാ സീറ്റില്‍ ജെ ഡി എസ് മത്സരിക്കും എന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന മാധ്യമ റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി. സീറ്റ് വിഭജനമൊന്നും ചര്‍ച്ചയായിട്ടില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട് എന്നും അവരുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
2024 ലോക്സഭാ തിരഞ്ഞെടുപ്പിനായി കര്‍ണാടകയില്‍ ബി ജെ പിയും ജെ ഡി എസും തമ്മില്‍ ധാരണയുണ്ടാക്കിയതായി യെദ്യൂരപ്പ അവകാശപ്പെട്ടിരുന്നു. സംസ്ഥാനത്തെ 28 ലോക്സഭാ സീറ്റുകളില്‍ നാലെണ്ണത്തില്‍ ജെ ഡി എസ് മത്സരിക്കും എന്നായിരുന്നു കുമാരസ്വാമി പറഞ്ഞിരുന്നത്. എന്നാല്‍ ബി ജെ പി ദേശീയ വൃത്തങ്ങള്‍ ഒന്നും തീര്‍പ്പാക്കിയിട്ടില്ലെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും അറിയിച്ചിരുന്നു.