രാജഗിരി-ജോസ്ഗിരി റോഡരികിൽ യാത്രക്കാർക്ക് ഭീഷണിയായി കൂറ്റൻ കല്ലുകൾ
ചെറുപുഴ : അപകട ഭീഷണിയായി റോഡരികിൽ സ്ഥിതി ചെയ്യുന്ന കരിങ്കല്ല് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി മാറി. രാജഗിരി-ജോസ്ഗിരി മരാമത്ത് റോഡരികിലെ കൂറ്റൻ കല്ലുകളാണു വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ഒരുപോലെ ഭീഷണിയായി മാറിയത്. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന മലയോരത്തെ പ്രധാന റോഡു കൂടിയാണിത്. രാജഗിരി ക്വാറിയുടെ സമീപത്താണു കല്ല്.
ഇവിടെ നടക്കുന്ന സ്ഫോടനത്തിൽ കല്ലുകൾക്ക് ഇളക്കം തട്ടാൻ സാധ്യതയുണ്ട്. കനത്ത മഴ പെയ്താൽ ഏതുസമയത്തും കല്ലുകൾ റോഡിലേക്ക് ഉരുണ്ടിറങ്ങും. ഇത് വൻ അപകടത്തിനു തന്നെ ഇടയാക്കുമെന്നാണു നാട്ടുകാർ പറയുന്നത്. അപകട ഭീഷണിയായി മാറിയ കല്ലുകൾ നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.