പറന്നുയരുന്നതിന് തൊട്ടുമുന്‍പ് ഇന്‍ഡിഗോ വിമാനത്തിന്റെ എന്ജിന് തീപിടിച്ചു; വിമാനത്തിലുണ്ടായിരുന്നത് 177 യാത്രക്കാര്‍
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നതിന് തൊട്ടുമുന്‍പ് ഇന്‍ഡിഗോ വിമാനത്തിന്റെ എന്ജിന് തീപിടിച്ചു. ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന 6E 2131 വിമാനത്തിന്റെ എന്‍ജിനുകളിലൊന്നിലാണ് തീ കണ്ടത്. 177 യാത്രക്കാരും ഏഴുജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നും യാത്രക്കാര്‍ക്കായി മറ്റൊരുവിമാനം ഏര്‍പ്പെടുത്തിയെന്നും വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. ടേക്ക് ഓഫ് ഒഴിവാക്കി ഉടന്‍ വിമാനം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതിനാല്‍ അപകടമൊഴിവായി. റണ്‍വേയിലൂടെ ഓടിത്തുടങ്ങിയിരുന്ന വിമാനം തീ പടര്ന്നനിലയില് കുറച്ചുകൂടി നീങ്ങിയ ശേഷമാണ് നിര്‍ത്താനായത്.