ഗവര്‍ണറെ വിമര്‍ശിച്ച് കെ. മുരളീധരന്; ഗവര്‍ണര്‍ രാജാവ് ആണോ? ഈ ഗവര്‍ണറെ അംഗീകരിക്കാനാവില്ല
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ കോണ്‍ഗ്രസ് എംപി കെ. മുരളീധരന് രംഗത്ത്. സര്‍വകലാശാല വൈസ് ചാന്സിലര്മാര്ക്കെതിരെയുള്ള ഗവര്‍ണറുടെ നീക്കത്തിനെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വരുന്നതിനിടെയാണ് ഗവര്‍ണറെ വിമര്‍ശിച്ച് കെ. മുരളീധരന് രംഗത്ത് വന്നിരിക്കുന്നത്. എല്ലാ വിസിമാരേയും നിയമിച്ചത് ഈ ഗവര്‍ണര്‍ തന്നെയാണ്. അന്ന് എന്തിന് ഇത് അംഗീകരിച്ചുവെന്ന് കെ മുരളീധരന് എംപി ചോദിച്ചു. ഗവര്‍ണര്‍ വിസിമാരുടെ രാജി ആവശ്യപ്പെട്ടത് എന്ത് അടിസ്ഥാനത്തിലാണ്?. എന്തുകൊണ്ട് ആദ്യം വിശദീകരണം തേടിയില്ല. ഗവര്‍ണര്‍ എടുത്തു ചാടി പ്രവര്‍ത്തിക്കുകയാണ്. ഗവര്‍ണര്‍ രാജാവ് ആണോ? ഈ ഗവര്‍ണറെ അംഗീകരിക്കാനാവില്ല. പാര്‍ട്ടിക്ക് ഇന്ത്യയില്‍ ഒരു നയമെ ഉള്ളൂവെന്നും കെ മുരളീധരന് പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട് മുരളീധരന് തള്ളി. പാര്‍ട്ടിക്ക് ഉള്ളില്‍ ഇതേക്കുറിച്ച് ചര്‍ച്ചയ്ക്ക് സമയം കിട്ടിയിട്ടില്ലെന്ന് മുരളീധരന് വ്യക്തമാക്കി. ഇതോടെ ഗവര്‍ണറോടുള്ള സമീപനത്തില്‍ യുഡിഎഫിലേയും കോണ്‍ഗ്രസിലേയും ഭിന്നത ഒരിക്കല്‍ കൂടി മറനീക്കി പുറത്ത് വന്നിരിക്കുകയാണ്.