കെ.സി. വേണുഗോപാലിന്റെയും കെപിസിസിയുടെയും നിലപാട് ഒന്നാണെന്ന് കെ. സുധാകരന്; ഗവര്‍ണര്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നില്ല
കണ്ണൂര്‍: സംസ്ഥാനത്തെ സര്‍വകലാശാല വിസിമാര്‍ക്കെതിരെയുള്ള ഗവര്‍ണറുടെ നിലപാടില്‍ കെ.സി. വേണുഗോപാലിന്റെയും കെപിസിസിയുടെയും നിലപാട് ഒന്നാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചാകും വേണുഗോപാല്‍ പറഞ്ഞിട്ടുണ്ടാവുകയെന്നും സുധാകരന് വിശദീകരിച്ചു. വിസിമാര്‍ രാജി സമര്‍പ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്നായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം. കേരളത്തില്‍ ഗവര്‍ണര്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നില്ലെന്നും സുധാകരന് പറഞ്ഞു. സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കെപിസിസി. ‘പിണറായി ഭരണത്തിനെതിരെ പൗര വിചാരണ’ എന്ന പേരില്‍ തുടര്‍ പ്രക്ഷോഭം നടത്തും. ഭരണപരാജയം മറികടക്കാന്‍ സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്ന് സുധാകരന് പറഞ്ഞു.