കലോത്സവങ്ങളില്‍ ഹരിത പെരുമാറ്റചട്ടം പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി: ജില്ലാ കലക്ടര്‍
കണ്ണൂര്‍: ജില്ലയിലെ സ്കൂള്‍- കോളേജ് കലോത്സവങ്ങള്‍, ശാസ്ത്ര-കായിക മേളകള്‍ എന്നിവ സംഘടിപ്പിക്കുമ്പോള്‍ നിര്‍ബന്ധമായും ഹരിത പെരുമാറ്റചട്ടം പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഉത്തരവിട്ടു. പ്ലാസ്റ്റിക് വിമുക്ത ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം നിലവിലുള്ള സാഹചര്യത്തിലാണ് കളക്ടറുടെ ഉത്തരവ്.
സ്കൂള്‍ മേളകള്‍ക്ക് പുറമെ മറ്റ് ഉത്സവങ്ങള്‍ക്കും ഹരിത പെരുമാറ്റചട്ടം ബാധകമാണ്. കച്ചവട സ്ഥാപനങ്ങള്‍, ഭക്ഷണ വില്പന ശാലകള്‍ എന്നിവയിലൊന്നും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങള് പാടില്ല. ഈ ജൂലൈ മുതല്‍ 75 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കിന്റെ ഉപയോഗവും വ്യാപനവും നിരോധിച്ചതാണ്. സര്‍ക്കാര്‍ പൊതു പരിപാടികള്‍ക്കും ഹരിത പെരുമാറ്റ ചട്ടം ബാധകമാക്കി. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്കും ഇത് സംബന്ധിച്ച ഉത്തരവ് നല്കി. ഹരിത പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി സംഘടിപ്പിക്കുന്ന മേളകളുടെ സംഘാടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.