കണ്ണൂരിന്റെ അറിയാകഥകളിലൂടെ ഒരു യാത്ര; ഇയ്യ വളപട്ടണം എഴുതുന്നു
ഇയ്യ വളപട്ടണം
പണ്ട് കിഴക്കുനിന്നും പടിഞ്ഞാറോട്ടേക്ക് ചാല കുന്നുകള്‍ക്കിടയിലൂടെ കലങ്ങി കുത്തി ഒലിച്ച കനാമ്പുഴയുടെ ചാല് ഇന്ന് മണ്ണ് നിറഞ്ഞ് നികന്ന് ‘ആറ്റടപ്പ’വയലായി മാറി. ആറ് എന്ന് അര്‍ത്ഥമുള്ള പുഴ, അടഞ്ഞുപോയതുകൊണ്ടാകണം ആറ്റടപ്പ എന്ന വിളിപ്പേരുണ്ടായത്. വര്‍ഷകാലങ്ങളില്‍ ചാലകുന്നിന്റെ ചെരിവുകളില്‍ നിന്നും പടിഞ്ഞാറേക്ക് കുത്തിയൊലിക്കാറുള്ള മലവെള്ളത്തില്‍ തോടുകള്‍ കര കവിയും. കൂര്‍ത്ത് മൂത്ത പാറക്കെട്ടുകളുള്ള ‘തോട്ടട’യിലെ വെള്ളച്ചാട്ടം ഒരുകാലത്ത് കാനാമ്പുഴയെ ഒഴുക്കേറിയ ജലാശയമായി മാറ്റിയിരുന്നു. ആ പുഴയോട് ചേര്‍ന്ന് നില്ക്കുന്ന മറ്റൊരു വെള്ളച്ചാല്‍ കണ്ണോത്തും ചാല് ആയിരുന്നു. ഇന്ന് ജനങ്ങള്‍ നിറഞ്ഞുനില്ക്കുന്ന കരയായി പരിണമിച്ചിരിക്കുന്നു. കാനം ഒഴുകിയ ചാല് കാനോത്ത് ചാലും കണ്ണോത്ത് ചാലുമായി തീര്‍ന്നു. കാനാമ്പുഴ ഒഴുകിയിരുന്ന കടല്ഗ്രാമമായിരുന്നു കാനത്തൂര്‍. കാനത്തൂര്‍ രൂപാന്തരം പ്രാപിച്ചിട്ടാണ് കണ്ണനൂര്‍ എന്നും കാനനൂര് എന്നും പിന്നീട് കണ്ണൂരും ആയി മാറിയത്.
പതിനാലാം നൂറ്റാണ്ടില്‍ മലബാറില്‍ സഞ്ചരിച്ച ഫ്രയര്‍ ജോര്‍ഡാനൂസ് എന്ന പാതിരിയായ വിദേശിയാണ് ആദ്യമായി കാനനൂര് എന്ന് ഈ നാടിനെ രേഖപ്പെടുത്തിയത്. മലയാളിയുടെ കണ്ണനൂര്‍ പാതിരിക്ക് കാനനൂര് ആയി എന്ന് മാത്രം. പാതിരി ഉപയോഗിച്ച പേര് തന്നെ പിന്നീട് മലബാറിലേക്ക് വ്യാപാരത്തിനും അധികാരത്തിനും വേണ്ടി വന്ന പോര്‍ട്ട്ഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും വിളിപ്പേരായി നിലനിര്‍ത്തി. മലബാറിലെ ഹിന്ദുക്കള്‍ ഇസ്ലാംമതത്തില്‍ ചേര്‍ന്ന് ‘കാനത്ത്’ കഴിച്ചത് കൊണ്ടാണ് കാനത്തൂര്‍ എന്ന പേര് വരികയും അത് പിന്നീട് കണ്ണൂര്‍ ആയെന്നും അധ്യാപകനായിരുന്ന കെ.പി.കുഞ്ഞിരാമക്കുറുപ്പ് പറഞ്ഞ രസകരമായ വ്യാഖ്യാനം തമാശയായി എടുത്താല്‍ മതി. അതൊന്നും ചരിത്രമായി വ്യാഖ്യാനിക്കേണ്ടതില്ല എന്ന് ചരിത്രകാരനായ ചിറക്കല്‍ ടി.ബാലകൃഷ്ണന്‍നായര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കണ്ണനൂര്‍, കാനനൂര്, കാനത്തൂര്‍, കണ്ണൂര്‍ എന്നീ പേരുകളിലാണ് കണ്ണൂര്‍ അറിയപ്പെട്ടത്. ലോകത്തിലെ എല്ലാ ജനപഥങ്ങളുടേയും സംസ്കാരത്തിന്റെയും ചരിത്രം നദിയുമായി ബന്ധപ്പെട്ടാണ്. പുഴയോരത്താണ് ജനങ്ങള്‍ ആദ്യകാലങ്ങളില്‍ താമസിച്ചതും പിന്നീട് സമീപപ്രദേശങ്ങളിലേക്ക് കുടിയേറിയതും.
കടലായി കോട്ടയും മാപ്പിളബേയും
കോലത്തിരി രാജാക്കന്മാരുടെ എട്ട് നെടുംകോട്ടകളില്‍ ഏറ്റവും പ്രസിദ്ധമായിരുന്നു കടലായി കോട്ട. വാണിജ്യപരമായ പ്രൗഡികൊണ്ടും ഭരണകേന്ദ്രമെന്ന നിലയിലും ഏറെക്കാലം ഈ കോട്ട പ്രശസ്തിയും പെരുമയും നിലനിര്‍ത്തിയിരുന്നു. ലക്ഷദ്വീപില്‍ നിന്നുള്ള ഇറക്കുമതിയും വിദേശവ്യാപാര ബന്ധവും കോലത്തിരിയുടെ മുപ്പത്തയ്യായിരം നായര്‍പടയുടെ ഈറ്റില്ലവും കാനത്തൂരിന്റെ മേന്മയും കടലായി കോട്ടയെ ചരിത്ര പ്രസിദ്ധമാക്കി. കടലായി കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇടക്കാലങ്ങളില്‍ വരെ മാപ്പിള്ള ബേയില്‍ കാണാമായിരുന്നു.
കടലായി ശ്രീകൃഷ്ണ ക്ഷേത്രം ഏകദേശം 200 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ചിറക്കല്‍ കോവിലകത്തിനു തൊട്ട് തെക്കായി കിടക്കുന്ന നെല്‍പ്പാടത്തിന്റെ കിഴക്കുഭാഗത്തെ ചാളക്കുന്ന് എന്ന് സ്ഥലത്തേക്ക് മാറ്റപ്പെട്ടത്. കോലത്ത് നാട്ടിലെ വാണിജ്യാധിപനായിരുന്നു ഉദയന്‍ തൂങ്ങല്‍ ചെട്ടിയെക്കുറിച്ച് പോര്‍ട്ടുഗീസ് രേഖകളില്‍ കാണാം. പള്ളിക്കുന്നിന്റെ കിഴക്ക് ഭാഗത്ത് ഉയര്‍ന്ന പ്രദേശത്തിലാണ് അദ്ദേഹത്തിന്റെ ഭവനം. ആ പ്രദേശത്തെ ഉദയംകുന്ന് എന്ന് വിളിപ്പേരുണ്ടായി. ലോപിച്ച് ഒതേയ്ന് കുന്നായി.
കണ്ണനൂര്‍ രാജാധിപത്യത്തിലെ കടലോരത്തില്‍ വലിയ ഒരു മല കാണാമെന്ന് യാത്രക്കിറങ്ങുമ്പോള്‍ വാസ്ഗോഡ ഗാമയോട് നാവികര്‍ പറഞ്ഞിരുന്നുവത്രെ. കടല്ക്കരയില് 855 അടി ഉയരത്തിലാണ് ഏഴിമലയുടെ കിടപ്പ്. കണ്ണൂരിലെ ഗ്രാമപ്രദേശങ്ങളില്‍ തെങ്ങുകള്‍ സമൃദ്ധമായി വളരുന്നതായി കാണാം. കുരുമുളക്, ചുക്ക്, ഏലക്കായ്, ജാതിപത്രി, കരയാമ്പു, വെറ്റില, തേങ്ങ, അടയ്ക്ക എന്നിവയാണ് ഇവിടത്തെ വിള.
വേളാപുരം എന്ന പേരുണ്ടായത്
അറേബ്യന്‍ നാടുകളിലാണ് കുതിരകളെ കോലത്തിരി ഇറക്കുമതി ചെയ്തിരുന്നത്. കണ്ണൂരിന്റെ തെക്ക് വടക്ക് സ്ഥിതിചെയ്യുന്ന തെക്കി ബസാറിനടുത്തായിരുന്നു കോലത്തിരിയുടെ ആനപ്പട സങ്കേതം. കണ്ണൂര്‍ സിറ്റിയുടെ പഴയ പേര് വേളാപുരം എന്നാണ്. കടല്‍ക്കരക്ക് വേല എന്ന് പേരുള്ളതുകൊണ്ടാണ് വേളാപുരം എന്ന വിളിപ്പേരുണ്ടായത്.
അറബികള്‍ മുഖേനയാണ് ആദ്യകാലങ്ങളില്‍ കണ്ണൂര്‍ കച്ചവടം നടത്തിയിരുന്നത്. പിന്നീട് വന്ന പോര്‍ട്ടുഗീസുകാരും അവരെ തുടര്‍ന്നുവന്ന ഡച്ചുകാരും ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരുമായും കച്ചവടം നടത്തി. തായത്തെരു, ഖജനാകോട്ട, കൊടപറമ്പ്, നീര്ച്ചാല്, തയ്യില്‍, കോട്ടക്ക് താഴെ, അറക്കല്‍, ചിറക്കല്‍ കുളം, കാനത്തൂര്‍, പയ്യാമ്പലം എന്നീ പഴയകാല പേരുകള്‍ തന്നെ പിന്നീടും നിലനിര്‍ത്തി.
കോലത്തിരിയുടെ ഭരണനിര്‍വഹണത്തില്‍ പങ്കുവഹിച്ചിരുന്ന തീയ്യ കുടുംബങ്ങളുണ്ട്. കോലത്തിരിയുടെ പടക്ക് ഭക്ഷണ സാധനങ്ങളും മറ്റ് വിഭവങ്ങളും എത്തിച്ച് കൊടുത്തിരുന്നത് കൊറ്റിയാടത്ത് തറവാട്ടുകാരാണ്. ഉപ്പ് വിതരണം ചെയ്തിരുന്നത് ഉപ്പോട്ട് തറവാട്ടുകാരാണ്. കടലായി കോട്ടയില്‍ പച്ചക്കറി എത്തിച്ചുകൊടുക്കുന്നവര്‍ ചക്കപ്പൊയ് തറവാട്ടുകാരാണ്.
ചരിത്രപരമായി പ്രശസ്തിയുള്ള കണ്ണൂരിലെ സമുദായങ്ങള്‍ തമ്മില്‍ പരസ്പരം സഹായവും സഹകരണ പുലര്‍ത്തുന്നതിന്റെ തെളിവാണ് തെയ്യക്കാവുകളില്‍ ഹിന്ദുവും മുസ്ലീമും തമ്മിലുള്ള ഇഴചേര്‍ന്നുള്ള സ്നേഹത്തിന്റെ ചേര്ത്ത്പ്പിടിക്കല്. അനവധികാലം മുതല്‍ തുടങ്ങിയ ചടങ്ങാണിത്.
കണ്ണൂര്‍ ജില്ല നിലവില്‍ വന്നത്
1865 ല്‍ മദ്രാസ് സര്‍ക്കാറിന്റെ ടൗണ്‍ ഇപ്രൂവ്മെന്റ് ആക്ടിന്റെ ഭാഗമായി 1866 ലാണ് കണ്ണൂര്‍ മുന്‍സിപ്പാലിറ്റി സ്ഥാപിതമായത്. 1957 ജനുവരി ഒന്നിനാണ് കണ്ണൂര്‍ ജില്ല നിലവില്‍ വരുന്നത്. 155 വര്‍ഷക്കാലം മദിരാശി പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന കണ്ണൂര്‍ 1956 നവംബര്‍ ഒന്നിന് ഐക്യ കേരളത്തിന്റെ ഭാഗമായി. കണ്ണൂര്‍ നഗരപ്രദേശത്തിലേക്ക് ജലഗതാഗത സാധ്യതയില്ലാത്തതിനാല്‍ വ്യാപാരം തലശ്ശേരി കേന്ദ്രീകരിച്ചായിരുന്നു. നാടന്‍ തോണികളും പത്തേമാരികളും കണ്ണൂര്‍ പട്ടണ പ്രദേശത്ത് വന്നടുക്കാറുണ്ടായിരുന്നു. 1921 ല്‍ കണ്ണൂര്‍ നഗരസഭയിലേക്ക് റാവുസാഹേബ് കെ ചന്തന് തിരഞ്ഞെടുക്കപ്പെട്ടു. 1938 ല്‍ ചെയര്‍മാനായ എന്‍.കെ. കുമാരനാണ് കണ്ണൂര്‍ നഗരത്തിന്റെ വികസനത്തിന് നാന്ദി കുറിച്ചത്. കണ്ണൂര്‍ നഗരസഭക്ക് 1938ല്‍ സ്വന്തമായി ഓഫീസ് കെട്ടിടം നിര്‍മ്മിക്കപ്പെട്ടു. സുഭാഷ് ചന്ദ്രബോസ് എന്ന പേരും ഓഫീസിന് നല്കി.
കണ്ടി എന്നതിന് മലയിടുക്ക് എന്നും ഉയര്‍ന്ന സ്ഥലം എന്നുമാണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവില്‍ അര്‍ഥം . അഞ്ചരക്കണ്ടിയെ ചേര്‍ത്ത് ഒഴുകുന്ന പുഴയെ ആയിരിക്കാം അഞ്ചരക്കണ്ടിപ്പുഴ എന്ന് വിളിച്ചത്. വയനാടന്‍ കുന്നുകളില്‍നിന്നും ഉല്‍ഭവിച്ച് നാല്പത് മൈലുകള്‍ പടിഞ്ഞാറോട്ട് ഒഴുകി രണ്ടായി പിരിഞ്ഞ് സമുദ്രത്തിലേക്ക് ലയിക്കുന്ന പുഴയാണിത്. ഇങ്ങനെയുള്ള പിരിയലില്‍ ഉണ്ടായതാണ് ധര്‍മ്മടം ദ്വീപ്. അഞ്ചരക്കണ്ടിയില്‍ ഇംഗ്ലീഷുകാര്‍ വ്യാപാരശാല നിര്‍മ്മിക്കുകയുണ്ടായി. ധര്‍മ്മടത്ത് ഇംഗ്ലീഷുകാര്‍ കോട്ട കെട്ടുകയും കാവല്‍ നിര്‍ത്തുകയും ചെയ്തുവെന്നത് ചരിത്രം.
തെയ്യത്തിന്റേയും തിറയുടേയും മാപ്പിളപ്പാട്ടിന്റേയും ബെയ്ത്തിന്റെയും ഉറുസ്സിന്റേയും ഉത്സവത്തിന്റേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും സാഹിത്യത്തിന്റേയും രാഷ്ട്രീയത്തിന്റേയും സംസ്കാരികതയുടേയും ചരിത്രം ഉറങ്ങുന്ന കണ്ണൂരിനെ, ചോദ്യങ്ങള്‍ക്ക് അതേവേഗതിയില് ഉത്തരം നല്കുന്ന നാട് എന്നാണ് എം.എന്‍ വിജയന് പറഞ്ഞത്.
കേമ്പ് ബസാര്‍ ലോപിച്ചാണ് കാമ്പസാര്‍ ആയത്
അഞ്ചരക്കണ്ടിയില്‍ ആയിരം ഏക്കറോളം സ്ഥലം ബ്രിട്ടീഷുകാര്‍ വളച്ചുകെട്ടി കറപ്പ തോട്ടമുണ്ടാക്കി. അതിന്റെ ചുമതല മുര്‍ദോക്ക് ബ്രൗണിന് നല്കി. അങ്ങനെയാണ് ഏഷ്യയിലെ ഏറ്റവും വലിയ കറപ്പത്തോട്ടം ഉണ്ടായത്. അഞ്ചരക്കണ്ടി എസ്റ്റേറ്റിന് 2453.7 വിസ്തീര്‍ണ്ണമുണ്ടെങ്കിലും 256.36 ഏക്കറിലാണ് കറപ്പതോട്ടമുള്ളത്. കേരളത്തില്‍ ആദ്യമായി കാപ്പികൃഷി ചെയ്തതും ഈ തോട്ടത്തിലാണ്.
1722ല്‍ സ്ഥാപിതമായ കണ്ണൂര്‍ കണ്ടോന്റ്മെന്റിന് 1938 ജനുവരി ഒന്നിനാണ് നിയമഘടനയില്‍ ഉള്‍പ്പെട്ടത്. രാജ്യത്തെ 62 കണ്ടോന്റ്മെന്റില് കേരളത്തിലെ ഏക കണ്ടോന്റ്മെന്റാണ് കണ്ണൂരിലേത്. 1790 മുതല്‍ 1800 വരെ ബോംബെ പ്രസിഡന്‍സിയുടെ കീഴിലായിരുന്നു കണ്ണൂര്‍ കണ്ടോന്റ്മെന്റ്. 449.435 വിസ്തൃതി. 32 ഏക്കറാണ് ബര്‍ണ്ണശ്ശേരി. ബ്രിട്ടീഷ് പട്ടാള കേന്ദ്രമായിരുന്നു കണ്ടോന്റെമെന്റ്. ആര്‍തര്‍ വെല്ലസി കണ്ണൂര്‍ കണ്ടോന്റ്മെന്റില് നിന്നാണ് ടിപ്പുവിനെതിരേയും പഴശ്ശിക്കെതിരേയും സൈനിക നീക്കം നടത്തിയത്. പാക്കിസ്ഥാന് ജനറല്‍ അയ്യൂബ്ഖാന്‍ കണ്ണൂര്‍ കണ്ടോന്റ്മെന്റില് ബ്രിട്ടീഷ്-ഇന്ത്യന്‍ പട്ടാളത്തിന്റെ ക്യാപ്റ്റനായി ജോലി ചെയ്തിരുന്നു. വിന്‍സന്റ് ചര്‍ച്ചിലും ഇവിടെ താമസിച്ചിരുന്നു. രണ്ടാം ലോകകാലത്ത് പട്ടാളം പള്ളി തറവാട്ടുകാരുടെ ജയിലായി മാറ്റിയിരുന്നു. ആര്‍ട്ടിലറി റോഡ് ലോപിച്ച് തില്ലേരി റോഡുമായി.
ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ട കാലത്ത് തന്നെ പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രത്തില്‍ കീഴാളര്‍ക്ക് ആരാധിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. അരുവിക്കര പ്രതിഷ്ഠ നടത്തിയശേഷം ശ്രീനാരായണഗുരു കണ്ണൂരിലെ തളാപ്പിലെ സുന്ദരേശ്വരം ക്ഷേത്രത്തില്‍ ക്ഷേത്ര പ്രവേശന വിളംബരം നടത്തി. കണ്ണൂരിലെ സാമൂഹിക മുന്നേറ്റമാണ് ഈ ക്ഷേത്രപ്രതിഷ്ഠ. കണ്ണൂര്‍ കണ്ടോന്റ്മെന്റിലെ പട്ടാളക്കാര്‍ക്ക് ഉണ്ടാക്കിയ ബസാര്‍ ആണ് കാമ്പസാര്‍. കേമ്പ് ബസാര്‍ ലോപിച്ചിട്ടാണ് കാമ്പസാര്‍ ആയത്.
കണ്ണൂരില്‍ തീവണ്ടി എത്തിയത്
1884 കണ്ണൂരിലെ എല്ലാ വീടുകളും ഓല മേഞ്ഞതായിരുന്നു. ഉള്ക്കടലിനകത്ത് ഓലപുരകള്‍ നിറഞ്ഞ അങ്ങാടി കണ്ടിരുന്നുവെന്ന് യൂറോപ്യന്‍ സഞ്ചാരി രേഖപ്പെടുത്തിയിട്ടുണ്ട്. കാട്ടാമ്പള്ളിപുഴ വഴി പുല്ലപ്പി ഭാഗത്തുനിന്നും കക്കാട് വരെ തോട് വികസിപ്പിച്ച് കണ്ണൂരിലേക്ക് ജലഗതാഗതമാക്കിയത് അറക്കല്‍-മൈസൂര്‍ സേനയുടെ പ്രവര്‍ത്തനഫലമായിട്ടാണ്. നൂറ്റാണ്ടിന്റെ അവസാനം വരെ കക്കാട് കടവ് പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമായിരുന്നു. കക്കാട്, തളാപ്പ്, ഭാഗത്താണ് മൈസൂര്‍സേന തമ്പടിച്ചത്. കക്കാട് പുഴ പിന്നീട് അപ്രത്യക്ഷമായി.
കണ്ണൂരില്‍ ആദ്യമായി അച്ചടിപ്രസ്സ് തുടങ്ങുന്നത് പോത്തേരി കുഞ്ഞമ്പുവാണ്. പോത്തേരി പാറുവാണ് കണ്ണൂരിലെ ആദ്യത്തെ വനിത ഡോക്ടര്‍. പോത്തേരി നേഴ്സിംഗ്ഹോം സ്ഥാപകയാണിവര്‍. കണ്ണൂരിന്റെ നവോത്ഥാനത്തിന് വലിയ പങ്ക് വഹിച്ച ആര്യബന്ധു പി.കെ. ബാപ്പു ചൊമ്പയില് ധര്‍മ്മസമാജം സ്ഥാപിച്ചു. കണ്ണൂരില്‍ തീവണ്ടി എത്തിയത് 1903ലും ടെലിഫോണ്‍ എക്സേഞ്ച് തുടങ്ങിയത് 1937ലുമാണ്. 1852ലാണ് കണ്ണൂരില്‍ കൈത്തറി സ്ഥാപിതമായത്. കശുവിന്റെ തടിയുടെ തോലും കവുങ്ങിന് തടിയുടെ അകവും അളവില്‍ ചേര്‍ത്ത് തിളപ്പിച്ച് ഊറ്റിയെടുത്ത നിറമാണ് കാക്കി. 1869ലാണ് പള്ളിക്കുന്നില്‍ സെന്‍ട്രല്‍ ജയില്‍ ഉണ്ടാകുന്നത്.
ഗുജറാത്തി തലമുറ 250 വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ണൂരില്‍ എത്തിച്ചേര്‍ന്നതായി കരുതപ്പെടുന്നു. പ്ലൈവുഡ് വ്യവസായത്തിന്റെ വളര്‍ച്ചക്ക് ഗുജറാത്തി സമൂഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഗുജറാത്തിലെ കച്ചില്‍ നിന്നാണ് കോഴിക്കോട്ടേക്കും തുടര്‍ന്ന് കണ്ണൂരിലേക്കും ഇവര്‍ കുടിയേറിയത്. പോര്‍ട്ടുഗീസുകാരനായ വാസ്ഗോഡഗാമക്ക് വഴികാട്ടിയായത് ഒരു ഗുജറാത്തിയായിരുന്നു എന്നാണ് കേരളപ്പഴമയില്‍ ഗുണ്ടര്‍ട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.
പാഴ്സികളുടെ ആരാധനാലയം
400 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കൊങ്കിണികള്‍ കണ്ണൂരില്‍ കുടിയേറിയത്. ഗൗഡ സാരസ്വത-സാരസ്വത വിഭാഗക്കാരായ കൊങ്കിണികളാണ് ഏറെയുള്ളത്. കൊങ്കിണികള്‍ മിക്കവാറും കച്ചവടക്കാരാണ്. കണ്ണൂരില്‍ പണം, ഭക്ഷണധാന്യം, കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍, മരുന്ന്, പുകയില, കെമിക്കല്‍സ് തുടങ്ങിയ കച്ചവടം ആദ്യം തുടങ്ങിയത് ഇവരാണ്. എസ്.വി ക്ഷേത്രവും കല്യാണമണ്ഡപവും കൊങ്കിണികളുടേതാണ്. ഗൗഢ സാരസ്വതയുടെ ആഭിമുഖ്യത്തില്‍ സാരസ്വതവാണി എന്നൊരു പ്രസിദ്ധീകരണവും നടത്തിയിരുന്നു. തോണിയില്‍ പണ്ട് അരിക്കച്ചവടം നടത്തിയ ബാബ്നിഷേണായിക്ക് കണ്ണൂരില്‍ അറക്കല്രാജാവ് പാണ്ടികശാലക്ക് അനുമതി നല്കുകയുണ്ടായി.
ആംഗ്ലോ ഇന്ത്യന്‍സ് എന്ന ഇംഗ്ലീഷ് -മലയാളി സങ്കര സമൂഹം പാര്‍ക്കുന്നത് കണ്ണൂരിലും കൊച്ചിയിലുമാണ്. ചീനക്കപ്പലുകള്‍ കണ്ണൂരില്‍ ഒരു കാലത്ത് കച്ചവടത്തിന് വന്നടുക്കാറുണ്ടായിരുന്നു. കണ്ണൂര്‍സിറ്റിയിലെ കസാനക്കോട്ടയില്‍ പാഴ്സികളുടെ ആരാധനാലയം നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഉണ്ടായിരുന്നു. വ്യാപാരരംഗത്തും പാഴ്സികള്‍ പേര് കേട്ടവരാണ്. പാഴ്സികളുടെ ശവക്കോട്ട പ്രസിദ്ധമാണ്. മരിച്ച മനുഷ്യനെ പാഴ്സി ശ്മശാനത്തിലെ ആള്താമസക്കാരില്ലാത്ത ഇടത്ത് വെക്കുന്നു. ചീഞ്ഞളിഞ്ഞ ശരീരം മൃഗങ്ങളും കഴുകനും ഭക്ഷിച്ച ശേഷം അവശേഷിക്കുന്ന അസ്ഥി എടുത്ത് വലിയ മണ്‍പാത്രത്തില്‍ സൂക്ഷിക്കുന്നു. മരിച്ച മനുഷ്യന്റെ പ്രേതം ജീവിച്ചിരിക്കുന്നവരെ ഉപദ്രവിക്കാതിരിക്കാന്‍ കാല്‍ഭാഗത്തെ എല്ല് വെട്ടി മാറ്റി അരയുടെ കീഴെയുള്ള ഭാഗം നെഞ്ചോട് കൂട്ടി മടക്കിവെച്ച് മണ്‍പാത്രത്തിന്റെ വായഭാഗം മൂടുന്നു. പ്രേതം രക്ഷപ്പെട്ട് മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കാനാണിത്. മന്ത്രങ്ങളാല്‍ ആവാഹിച്ച പ്രേതത്തെ കുടിയിരുത്തുന്നത് എന്നും മണ്കൂടത്തിലാണല്ലോ. വായ് മൂടിയ കുടം വിജനമായ സ്ഥലത്തോ പുഴയോരത്തോ നിക്ഷേപിക്കുന്നു.
സാഹിത്യവും കണ്ണൂരും
മലയാള സാഹിത്യത്തിലെ എക്കാലത്തും മികച്ച സാഹിത്യകൃതിയായ് ചെറുശ്ശേരി രചിച്ച കൃഷ്ണഗാഥ പതിനഞ്ചാം നൂറ്റാണ്ടില്‍ കണ്ണൂരില്‍വെച്ചാണ്. ജാതീയക്കെതിരെ, ഉച്ച നീചത്വത്തിനെതിരെ പോത്തേരി കുഞ്ഞമ്പു 1891 സരസ്വതി വിജയം എന്ന നോവല്‍ എഴുതി. 1897 -ല്‍ ജോസഫ് മുളയില്‍ എഴുതിയ സുകുമാരി എന്ന നോവലും കണ്ണൂരില്‍നിന്നാണ് ഉണ്ടായത്. എം.ആര് കെസി തൊട്ടു ടി. പദ്മനാഭന്, സുകുമാര്‍ അഴീക്കോട് ടി.പി. സുകുമാരന്‍ വരെ കണ്ണൂരിന്റെ യശസ്സ് വര്‍ദ്ധിപ്പിച്ച സാഹിത്യ പ്രതിഭകളാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അഴീക്കോട് കമ്മാരന് നായരുടെ സ്വര്‍ഗ്ഗലോക മാലിക, കുചേലകഥ കിളിപ്പാട്ട്, എന്നീ കൃതികളും ഉപ്പോട്ട് കണ്ണന് രചിച്ച യോഗാമൃതം എന്ന വൈദ്യമണിപ്രവാള കൃതിയും കാരായി കൃഷ്ണന് ഗുരിക്കളുടെ രുഗ്മിണി പരിണയം മണിപ്രവാളം, രാമായണ മണിപ്രവാളം, ആദിത്യഹൃദയം, ലക്ഷ്മണ പരിണയം എന്നീ കൃതികളും കണ്ണൂരില്‍ ഉടലെടുത്തവയാണ്.
1932 ജനുവരിയിലെ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ വിളക്കും തറയില്‍ പൊതുയോഗം നടത്തരുതെന്ന നോട്ടീസ് അവഗണിച്ച വിഷ്ണുഭാരതീയനും കടയപ്രത്ത് കുഞ്ഞപ്പയും കെ.പി.ഗോപാലനും വിളക്കും തറയുടേയും കണ്ണൂരിന്റേയും രാഷ്ട്രീയ പെരുമയുടെ ചരിത്രമാണ്. ഏഴിമല എട്ടിക്കുളത്തെ ചുരിക്കാടന്‍ ഹാരോണ്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മതം മാറി കൃസ്ത്യാനിയായി ആറോണ്‍ എന്ന സ്ഥാപനത്തിന്റെ കണ്ണൂരിന്റെ ആദ്യത്തെ വ്യവസായിയായി മാറിയതും ചരിത്രം. മലബാറിലെ സാമൂഹിക രാഷ്ട്രീയ മേഖലകളിലേക്ക് സ്ത്രീകളെ കൊണ്ടുവന്നതില്‍ ആറോണിന്റെ ഭാര്യ ഗ്രേസി ആറോണിന് പ്രധാന പങ്കുണ്ട്.
ചിറക്കല്‍, വളപട്ടണം, അഴീക്കോട്, പുഴാതി, പള്ളിക്കുന്ന്, എളയാവൂര്, എടക്കാട്, എന്നീ പഞ്ചായത്തുകളെ സംയോജിപ്പിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഭാഗമാക്കാന്‍ 1967 കാല്‍നൂറ്റാണ്ട് കാലം കണ്ണൂര്‍ ഭരിച്ച എന്‍.കെ കുമാരന് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പ്രാദേശിക എതിര്‍പ്പുമൂലം നടന്നില്ല. തിരുവിതാംകൂറില്‍നിന്നും കണ്ണൂരില്‍ എത്തിയ തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുത്ത എന്‍.സി ശേഖറാണ് കണ്ണൂര്‍ കോര്പ്പറേഷനാക്കണമെന്ന് വാദിച്ച മറ്റൊരു വ്യക്തി. ഇന്ന് കണ്ണൂര്‍ കോര്‍പ്പറേഷനായി മാറി. തലപ്പത്ത് മേയര്‍ എന്ന പദവിക്കാരനുമുണ്ടായി.
സല്‍ക്കാരപ്രിയരാണ് കണ്ണൂര്‍ ജനത
കേരളത്തിന്റെ വാണിജ്യലോകത്തും രാഷ്ട്രീയ ലോകത്തും കണ്ണൂരിനു മുഖ്യസ്ഥാനമുണ്ട്. വീതിയും വിസ്താരവുമില്ലാതെ നഗരം ശ്വാസം മുട്ടുന്നുവെങ്കിലും വാണിജ്യരംഗത്ത് വളരെ ഏറെ അഭിവൃദ്ധി പ്രാപിക്കാന്‍ കണ്ണൂരിനു കഴിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളവും അഴീക്കല്‍ പോര്‍ട്ടും പുതുതായി രൂപപ്പെടാന്‍ പോകുന്ന ജല ടൂറിസവും ഒക്കെ കണ്ണൂരിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകും.
മറ്റു ജില്ലകളില്‍ നിന്നെത്തി കണ്ണൂരുകാരായി തീര്‍ന്ന ആളുകള്‍ തദ്ദേശീയരുടെ സ്നേഹത്തോടെയുള്ള ഇടപെടലുകളെ വളരെ പ്രിയത്തോടെ ഓര്‍ക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. പേടിച്ച് വന്നവരെ സ്നേഹിച്ചു കൊന്നുവെന്നാണ് അവരൊക്കെ തമാശ പറയുക. സല്‍ക്കാരപ്രിയരാണ് കണ്ണൂര്‍ ജനത. ഈ സംസ്ക്കാരം കച്ചവടത്തിന് വന്ന അറബികളില്‍നിന്നും സ്വാംശീകരിച്ചതാണ്. ചായ കുടിച്ചിട്ട് പോയാല്‍ മതി, വാ ചായ കുടിക്കാം എന്ന് പറഞ്ഞ് ചായയും വയറ് നിറയെ ഭക്ഷണവും നല്‍കുന്നതാണ് കണ്ണൂരിന്റെ എന്നുമുള്ള സ്നേഹമന്ത്രം. കണ്ണൂരിലെ ബിരിയാണിയാണ് മലബാര്‍ ബിരിയാണിയായത്.
മൈതാനങ്ങളുടെ നാട് കൂടിയാണ് കണ്ണൂര്‍. കോട്ടമൈതാനം, വിളക്കുംതറ മൈതാനം, മുന്‍സിപ്പല്‍ മൈതാനം, പോലീസ് മൈതാനം, താളിക്കാവിന്റെ പിറകിലെ മൈതാനം -ഇവിടങ്ങളൊക്കെ കാല്പന്തിന്റേയും ക്രിക്കറ്റിന്റേയും ഹോക്കിയുടേയും ഈറ്റില്ലമായിരുന്നു. സന്തോഷ് ട്രോഫി നടന്ന നാട്. പട്ടാളം വേലികെട്ടി കണ്ണൂര്‍ക്കാരന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന് തട ഇട്ടു. പട്ടാള മൈതാനത്തിന് വേലികെട്ടി. എന്നിരുന്നാലും മൈതാനങ്ങള്‍ ഇന്ന് വിപണന മേളക്കാരുടെ ഇടമായി.
കണ്ണൂരിനെക്കുറിച്ച് ഇനിയുമെത്ര പറഞ്ഞാലും തീരില്ല. കാരണം കണ്ണൂര്‍ എന്നും ചരിത്രത്തിന്റേയും സാസ്കാരികതയുടേയും ചേര്‍ത്ത് പിടിക്കലിന്റേയും നാടാണല്ലോ.