കണ്ണൂർ അത്താഴക്കുന്നിൽ എസ്.ഐയെയും പൊലീസുകാരെയും അക്രമിച്ചവരിൽ 3 പേർ അറസ്റ്റിൽ
കണ്ണൂർ : മയക്കുമരുന്ന്, ലഹരി പരിശോധനയ്ക്കിടെ അത്താഴക്കുന്നിൽ കണ്ണൂർ ടൗൺ എസ്.ഐയെയും പൊലീസുകാരെയും അക്രമിച്ചുവെന്ന പരാതിയിൽ ഏഴംഗ സംഘത്തിലെ മൂന്ന് യുവാക്കൾ അറസ്റ്റിൽ . കേസിലെ പ്രതികൾക്കായി നാലു പേർക്കായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കക്കാട് കുഞ്ഞിപ്പള്ളി സ്വദേശികളായ ടി. അഭയ് (22) കെ. അഖിലേഷ് (26) പി എം അൻസർ എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തത്. കഞ്ചാവും ലഹരി ഉപയോഗവും വ്യാപകമായ സാഹചര്യത്തിലാണ് അത്താഴക്കുന്നിൽ റെയ്ഡ് നടത്തിയതെന്നാണ് പൊലിസ് പറയുന്നത്. ഇതിനിടെ യുവാക്കൾ ക്ളബ്ബിലിരിക്കുന്നതു കണ്ട കണ്ണൂർ ടൗൺ എസ്.ഐ സി.എച്ച് നസീബിനെയും രണ്ടു പൊലിസുകാരെയും യുവാക്കൾ മുറിയിൽ പൂട്ടിയിട്ടു മർദ്ദിച്ചുവെന്നാണ് പൊലിസിന്റെ ആരോപണം.
പിടിവലിക്കിടെ നസീബിന് ചുമലിൽ പരുക്കേറ്റതായും പറയുന്നു. കല്ലുകെട്ട് ചിറക്ക് സമീപമുള്ള ഒരു ക്ളബ്ബിൽ വെച്ചു ഏഴംഗ സംഘം മദ്യപിക്കുന്നത് ശ്രദ്ധയിൽ പെടുകയും തങ്ങൾ അവിടെ പരിശോധനയ്ക്ക് എത്തിയപ്പോൾ യുവാക്കൾ തട്ടിക്കയറുകയും വാക്കേറ്റത്തിനിടയിൽ സംഘത്തിലുണ്ടായിരുന്ന ഒരാൾ എസ്.ഐ സി.എച്ച് നസീബിനെ പുറമേ നിന്ന് വാതിൽ പൂട്ടി മുറിക്കുള്ളിലാക്കുകയും ചെയ്തുവെന്നാണ് പൊലിസ് പറയുന്നത്.
ബം കേട്ടു പുറത്തു നിന്നും ഓടിയെത്തിയ പൊലിസുകാർ വാതിൽ ചവുട്ടി തുറന്ന് എസ്.ഐ രക്ഷപ്പെടുത്തിയെന്നാണ് പൊലിസിന്റെ ഭാഷ്യം. പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൂന്നുപേരെ റോഡിൽ വെച്ചു പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
എന്നാൽ സംഘത്തിലുണ്ടായിരുന്ന യുവാക്കളിലൊരാൾ സംഭവ സമയത്ത് എടുത്ത വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇതിൽ ഒരിടത്തും യുവാക്കൾ എസ്.ഐ യോ മറ്റു പൊലിസുകാരെയോ മർദ്ദിക്കുന്ന ദൃശ്യമില്ല. എന്നാൽ മറിച്ച് പൊലീസ് യുവാക്കളെ കൈയ്യേറ്റം ചെയ്യുന്നതും മുറിയിൽ വലിച്ചിഴക്കുന്നതും ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
യുവാക്കൾ ഇരുന്ന സ്ഥലങ്ങളിൽ നിന്നും കഞ്ചാവോ മയക്കുമരുന്നോ ഒന്നും കണ്ടെത്താനായിട്ടില്ല. ഒഴിഞ്ഞ സ്ഥലത്തിരുന്നു മദ്യപിച്ചുവെന്ന ആരോപണം മാത്രമാണ് യുവാക്കൾക്കെതിരെയുള്ളത്. അതാകട്ടെ പൊലിസ് സ്റ്റേഷനിൽ പിഴയടക്കാൻ മാത്രമുള്ള ചെറിയ കുറ്റകൃത്യങ്ങളിലൊന്നാണ്. രംഗം വഷളാക്കിയത് പൊലിസിന്റെ അമിതാവേശത്തോടെയുള്ള ഇടപെടലാണെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്. മർദ്ദനത്തിൽ പരുക്കേറ്റ എസ്.ഐ നസീബ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.