കണ്ണൂരിൽ ഭണ്ഡാരം തകർത്ത് രണ്ടിടങ്ങളിൽ കവർച്ച
പള്ളിക്കുന്ന് പാലം ഗുരുദേവ മന്ദിരം, അരയാക്കണ്ടി വളപ്പിൽ പൊട്ടൻദൈവ സന്നിധാനം എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന നിലയിൽ.
കണ്ണൂർ : പള്ളിക്കുന്ന് പാലം ഗുരുദേവ മന്ദിരം, അരയാക്കണ്ടി വളപ്പിൽ പൊട്ടൻ ദൈവ സന്നിധാനം എന്നിവിടങ്ങളിൽ ഭണ്ഡാരം തകർത്ത് കവർച്ച നടത്തി. ഇന്നലെ രാവിലെയാണ് കവർച്ച നടന്നതായി കണ്ടത്. രണ്ടിടങ്ങളിലും ഭണ്ഡാരത്തിന്റെ പൂട്ട് തകർത്താണ് പണം കവർന്നത്. പൊട്ടൻ ദൈവ സന്നിധാനത്തിൽ കഴിഞ്ഞ മാർച്ച് 29നും ഗുരുദേവ മന്ദിരത്തിൽ ഏപ്രിൽ 16നുമാണ് അവസാനമായി ഭണ്ഡാരം തുറന്നത്. ടൗൺ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഗുരുദേവ മന്ദിരം സെക്രട്ടറി പി.വി.രാജന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.