തലശ്ശേരിയിൽ യുവാവ് കഞ്ചാവ് കെട്ടുമായി പിടിയിൽ; ഇയാളിൽ നിന്നും 23 ഗ്രാം കഞ്ചാവ് കണ്ടെടുത്തു
കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ യുവാവ് കഞ്ചാവ് കെട്ടുമായി പിടിയിൽ. ധർമ്മടം സ്വദേശി എ. ഖലീലാണ് പിടിയിലായത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് എക്സൈസ് പിടികൂടിയത്. ഇയാളിൽ നിന്നും 23 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് കസ്റ്റഡിയിലായ ഇയാൾ നേരത്തേയും അറസ്റ്റിലായിട്ടുണ്ട്. പല ജില്ലകളിലായി മയക്കുമരുന്നു കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് ഖലീൽ.
അതേസമയം, അട്ടപ്പാടിയിൽ നിന്നാണ് കഞ്ചാവുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത. അട്ടപ്പാടിയിൽ എക്സൈസ് കഞ്ചാവ് ചെടികൾ നശിപ്പിച്ചു. 215 കഞ്ചാവ് ചെടികളാണ് പാടവയൽ കുറുക്കത്തിക്കല്ല് നായിബെട്ടി മലയിൽ നിന്നും നശിപ്പിച്ചത്. പാലക്കാട് ഐ.ബി ഇൻസ്പെക്ടറും സംഘവും, മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും, അഗളി എക്സൈസും സംയുക്തമായാണ് കഞ്ചാവ് ചെടികൾ നശിപ്പിച്ചത്.
തിരുവല്ല നഗരത്തിലെ ലോഡ്ജിൽ നിന്ന് നാനൂറ് ഗ്രാം കഞ്ചാവുമായി യുവാവും യുവതിയും പോലീസിന്റെ പിടിയിലായി. നൂറനാട് പടനിലം സ്വദേശി അനിൽ കുമാറിനെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തു. ഇയാൾക്ക് ഒപ്പം പിടികൂടിയ യുവതിയെ കാണാനില്ലെന്ന് ബന്ധുക്കൾ കഴിഞ്ഞ ദിവസം കൊടുമൺ പോലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവല്ലയിലെ ലോഡ്ജിൽ നിന്ന് കണ്ടെത്തുന്നത് മുറിയിൽ പരിശോധന നടത്തിയപ്പോൾ യുവാവിന്റെ ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തുക ആയിരുന്നു. യുവതിയെ കൊടുമൺ പോലീസിന് കൈമാറി. അടുത്തിടെ പ്രണയത്തിലായ ഇരുവരും ഒളിച്ചോടിയാണ് തിരുവല്ലയിൽ എത്തിയതെന്ന് പൊലീസ് പറയുന്നു.