പ്രിയാ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ യുജിസി നിലപാട് തള്ളി കണ്ണൂര്‍ സര്‍വകലാശാല
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ യുജിസി നിലപാട് തള്ളി സര്‍വകലാശാല. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയ്ക്ക് വേണ്ട യോഗ്യതകള്‍ പ്രിയക്കുണ്ടെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രിയാ വര്‍ഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി അപക്വമെന്നാണ് മറ്റൊരു ആരോപണം. ഹര്‍ജി തള്ളണമെന്നും റാങ്ക് ലിസ്റ്റ് പ്രകാരം നിയമന നടപടികള്‍ ആയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ സര്‍വകലാശാല രജിസ്ട്രാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രിയ വര്‍ഗീസ് നടത്തിയ ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും ചട്ടപ്രകാരം യോഗ്യതയില്ലെന്നും യുജിസി കോടതിയെ അറിയിച്ചിരുന്നു. പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രോഫസര്‍ ആക്കാനുള്ള സര്‍ക്കാര്‍ നീക്കം ചോദ്യം ചെയ്ത് റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫസര്‍ ജോസഫ് സ്കറിയ നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.