ഇന്ന് കർക്കിടക വാവുബലി
സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുകയാണ്.
പിതൃപുണ്യം തേടി ഇന്ന് കർക്കിടക വാവുബലി തുടങ്ങി. നമുക്ക് മുമ്പുള്ള മൂന്നു തലമുറയിലെ പിതൃക്കൾക്ക് ശ്രാദ്ധവും തർപ്പണവും നടത്തുന്ന പുണ്യദിനം. വിവിധ കേന്ദ്രങ്ങളിൽ ഇന്ന് ആയിരങ്ങൾ ബലി തർപ്പണം നടത്തുന്നു.
ആലുവ മണപ്പുറത്ത് പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണച്ചടങ്ങുകള്‍ തുടങ്ങി. 80 ബലിത്തറകളാണ് ദേവസ്വം ബോര്‍ഡ് സജ്ജമാക്കിയിരിക്കുന്നത്. മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ കര്‍മ്മങ്ങള്‍ക്ക്, മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന് നമ്പൂതിരിയാണ് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത്. മണപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള കൗണ്ടറുകളും വഴിപാട്, പ്രസാദ കൗണ്ടറുകളും തുറന്നിട്ടുണ്ട്. സുരക്ഷക്കായി പൊലീസ്, അഗ്നിശമന സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ബലിതര്‍പ്പണച്ചടങ്ങിന്റെ ഭാഗമായി ആലുവയില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിരുന്നാവായ നാവാമുകുന്ദക്ഷേത്രത്തിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ഇരുപത്തിയയ്യരിത്തോളം പേരാണ് ബലി കർമങ്ങൾക്കായി തിരുന്നാവായയിലെത്തുക. വിപുലമായ സൗകര്യങ്ങൾ ഇതിനായി ക്രമീകരിച്ചിട്ടുണ്ട്. ത്രിമൂർത്തികൾ സംഗമിയ്ക്കുന്ന സ്ഥലം എന്നതാണ് തിരുന്നാവായയിൽ ബലിതർപ്പണ ചടങ്ങുകൾക്ക് പ്രാധാന്യം കൂടാനുള്ള പ്രധാന കാരണം. 11 കാർമികളാണ് ബലി കർമങ്ങൾക്ക് നേതൃത്വം നൽകുന്നത്.