കാസർകോട് പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് അപകടം; പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു
കാസർകോട് : കുമ്പളയില്‍ കാർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. അംഗഡിമൊഗർ ജിഎച്ച്എസ്എസ്സിലെ പ്ലസ് ടു വിദ്യാർത്ഥി ഫർഹാസ് ( 17 ) ആണ് മരിച്ചത്. കാസർഗോഡ് കുമ്പളയിൽ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അപകടമുണ്ടായത്. പൊലീസ് പിന്തുടരുന്നതിനിടെ അമിത വേഗതയില്‍ സഞ്ചരിക്കുകയായിരുന്ന കാർ മറിയുകയായിരുന്നു. ഇത് വ്യക്തമാക്കുന്ന സിസിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
കുമ്പള പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. പൊലീസ് പിന്തുടർന്ന കാർ നിയന്ത്രണം വിട്ട് തല കീഴായി മറിയുകയായിരുന്നു. നാല് വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്. വാഹനപരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയതിനെ തുടർന്നായിരുന്നു പൊലീസ് കാർ പിന്തുടർന്നത്. ഫർഹാസായിരുന്നു കാർ ഓടിച്ചിരുന്നത്.
സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എകെഎം അഷ്റഫ് എംഎല്‍എ ഉള്‍പ്പെടേയുള്ളവർ രംഗത്ത് വന്നു.
അംഗഡിമുഗർ ഗവഃഹയർ സെക്കണ്ടറി സ്കൂളിൽ കഴിഞ്ഞ ദിവസം നടന്ന ഓണാഘോഷ പരിപാടിയിലേക്ക് ഒരു വിദ്യാർത്ഥി കാറുമായി എത്തുകയും സ്കൂളിന്റെ തൊട്ടടുത്തുള്ള ഖത്തീബ് നഗർ എന്ന സ്ഥലത്ത് നിർത്തിയിട്ട കാറിനടുത്ത് കുമ്പള പോലീസ് സ്റ്റേഷനിലെ പോലീസുകാർ എത്തി വിദ്യാർത്ഥികളെ കണ്ടപ്പോൾ ആക്രോശത്തോടെ പെരുമാറി കാറിന്റെ ഡോറിലേക്ക് ചവിട്ടിയതിനെ തുടർന്ന് ഭയന്ന വിദ്യാർഥികൾ കാറെടുത്ത് ഓടുകയായിരുന്നുവെന്നും എംഎല്‍എ പറയുന്നു.അപകടത്തിൽ ഫർഹാസിന് മാത്രമാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്.