ഗവര്‍ണറുടെ തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നത്: കെ.സി. വേണുഗോപാല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ഗവര്‍ണറെ അനൂകൂലിച്ചു മുന്നോട്ട് വന്നപ്പോഴാണ് കെ.സി. വേണുഗോപാല്‍ ഗവര്‍ണറെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ജനാധിപത്യ – ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട്, രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. അത് എതിര്‍ക്കപ്പെടേണ്ടതാണ്. ചട്ടവിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ എല്ലാ സര്‍വകലാശാലാ നിയമനങ്ങളും എതിര്‍ക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്. അത് നിലനില്ക്കുമ്പോള് തന്നെ, സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാന്‍സലര്‍ സ്ഥാനത്തിരുന്ന് ഗവര്‍ണര്‍ സ്വീകരിച്ചാല്‍ ചോദ്യം ചെയ്യേണ്ടതാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
എന്നാല്‍ ഗവര്‍ണര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ ചൊല്ലി യുഡിഎഫില്‍ ഭിന്നതയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫില്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമില്ല. അഭിപ്രായ വ്യത്യാസമുണ്ടെന്ന് മുഖ്യമന്ത്രി സ്വപ്നം കാണേണ്ട എന്നും ചെന്നിത്തല പറഞ്ഞു. വിസിമാരുടെ രാജി ഗവര്‍ണര്‍ ആവശ്യപ്പെട്ടത് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ്. സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വിസിമാരുടേത് രാഷ്ട്രീയ നിയമനമാണ് എന്നത് തന്നെയാണ് യുഡിഎഫ് നിലപാട് എന്നും ചെന്നിത്തല പറഞ്ഞു.