ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; ഗവര്‍ണറുടേത് രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നടപടി
പാലക്കാട്: ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ദുരുപയോഗം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. സര്‍വകലാശാലകള്‍ക്ക് നേരെ നശീകരണ ലക്ഷ്യത്തോടെയുള്ള യുദ്ധമാണ് ഗവര്‍ണര്‍ നടത്തുന്നത്. ഗവര്‍ണറുടേത് രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നടപടിയാണ്. അസ്വാഭാവിക തിടുക്കവും അത്യുത്സാഹവുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ചെയ്യുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പാലക്കാട് നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചത്.
ഒമ്പതു സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരോട് രാജി വെക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണ്. അക്കാദമികമായ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഗവര്‍ണറുടെ നടപടി. ഇല്ലാത്ത അധികാരം ഉപയോഗിച്ചു കളയാമെന്ന് വിചാരിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യത്തെ മാനിക്കുന്ന ആര്‍ക്കും അമിതാധികാര നടപടി അംഗീകരിക്കാനാകില്ല. സുപ്രീംകോടതി വിധിയുടെ മറപിടിച്ചാണ് ഗവര്‍ണറുടെ നടപടി. ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമാകുന്നു. സര്‍വകലാശാലകള്‍ക്കു നേരെ നശീകരണ ബുദ്ധിയുള്ള നിലപാട് സ്വീകരിക്കുന്നു. പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രം. യുജിസി ചട്ടം ലംഘിച്ചാണ് നിയമനം എന്ന് പറയുമ്പോള്‍ ഗവര്‍ണര്‍ക്കാണ് പ്രാഥമിക ഉത്തരവാദിത്വം. കേവലം സാങ്കേതികതയില്‍ തൂങ്ങിയാണ് ഗവര്‍ണറുടെ നടപടി. ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാമെന് കരുതരുത്. വി സി മാരെ കേള്‍ക്കാതെയാണ് തീരുമാനം.
ഒമ്പതു സര്‍വകലാശാലകളിലും വി സി നിയമനം ചട്ടവിരുദ്ധമായിട്ടാണ് നടന്നതെങ്കില്‍ പ്രാഥമികമായ ഉത്തരവാദിത്വം ഗവര്‍ണര്‍ക്കു തന്നെയല്ലേ. അതു പ്രകാരം പദവിയില്‍ നിന്നും ഒഴിയേണ്ടത് വിസിമാരാണോ എന്നു ചിന്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിസിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് നിയമപരമായ അധികാരമില്ല.കേരള സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ അക്കാദമിക വിഷയമല്ല കോടതി ചൂണ്ടിക്കാട്ടിയത്. വിസി നിയമനവുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയമാണ് ഉയര്‍ത്തിയത്. ഇതില്‍ പുനഃപരിശോധനയ്ക്ക് ഇനിയും അവസരമുണ്ട്. ഇക്കാര്യം പരിഗണിക്കാതെ, സര്‍വകലാശാലകളെ അസ്ഥിരപ്പെടുത്താന്‍ സാഹചര്യം ഉപയോഗിക്കുകയാണ്. സുപ്രീംകോടതി വിധി കെടിയു വിസിക്ക് മാത്രം ബാധകമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.